വരുന്നു, താടിയും മീശയുമില്ലാത്ത മോഹന്‍ലാൽ

വ്യത്യസ്തമായ കഥാപാത്രങ്ങള്‍കൊണ്ടു വിസ്മയിപ്പിച്ച മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. വ്യത്യസ്തമായ ഗെറ്റപ്പുകളിലും ആ മഹാനടന്‍ സ്‌ക്രീനില്‍ അവതരിക്കുന്നത്എന്നും ഹരമാണ് മലയാളിക്ക്. ഒടിയനിലെ മേക്ക്ഓവര്‍ ആരാധകര്‍ ഒരിക്കലും മറക്കില്ല. രണ്ട് ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ഒടിയനിലെത്തിയത്. ഒടിയനുവേണ്ടി താരം വണ്ണം കുറയ്ക്കുകയും ചെയ്തിരുന്നു. ഒടിയനു മുമ്പിറങ്ങിയ നീരാളിയിലും അദ്ദേഹം വ്യത്യസ്ത ഗെറ്റപ്പിലാണ് എത്തിയത്. 

സ്ഫടികം എന്ന മാസ് ചിത്രത്തില്‍ മോഹന്‍ലാലിനെ ആടുതോമ എന്ന കഥാപാത്രമായി പകര്‍ന്നാടിച്ച ഹിറ്റ് സംവിധായകന്‍ ഭദ്രന്‍ തന്റെ പുതിയ സിനിമയെക്കുറിച്ചു നടത്തിയ വെളിപ്പെടുത്തല്‍ ആരാധകര്‍ക്കു വലിയ പ്രതീക്ഷയാണു നല്‍കിയിരിക്കുന്നത്. താടിവെച്ച മോഹന്‍ലാലിനെ കണ്ട് മടുത്തില്ലേ, പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ താടി എടുക്കുമെന്നാണ് ഭദ്രന്‍ പറഞ്ഞത്.

ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ ആരംഭിച്ചിട്ട് നാലു വര്‍ഷമായി. ബിഗ് ബജറ്റിലാണ് ചിത്രമൊരുങ്ങുന്നത്. മോഹന്‍ലാല്‍-ഭദ്രന്‍ കോംബോ മറ്റൊരു ഹിറ്റ് സമ്മാനിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഒരു ഡിജിറ്റല്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഭദ്രന്‍ പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ചത്. അതേസമയം, മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരിയുടെ ചിത്രവും അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പേരും മോഹന്‍ലാലിന്റെ കഥാപാത്രവുമായും ബന്ധപ്പെട്ടു വലിയ ചര്‍ച്ച ചലച്ചിത്രലോകത്ത് ഉടലെടുത്തിരുന്നു.

പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ‘ചെമ്പോത്ത് സൈമണ്‍’ എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്. ‘മലക്കോട്ടൈ വാലിബന്‍’ എന്നാണ് ചിത്രത്തിന്റെ പേരെന്നും ചര്‍ച്ചകളുണ്ട്. ചിത്രത്തില്‍ ഗുസ്തിക്കാരനായാണ് മോഹന്‍ലാല്‍ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *