ലോക സിനിമാരംഗത്ത് പുതിയൊരു ചരിത്രം; 13 മണിക്കൂർ കൊണ്ട് ഒരുക്കിയ സിനിമ

വെറും 13 മണിക്കൂർ കൊണ്ട് ഒരു മുഴുനീള സിനിമ പൂർത്തിയാക്കിക്കൊണ്ട് എറണാകുളം സ്വദേശി രഘുനാഥൻ എൻ ബി ലോക സിനിമാരംഗത്ത് പുതിയൊരു ചരിത്രം സൃഷ്ടിച്ചു. ഒക്ടോബർ ഇരുപത്തിയൊന്നാം തീയതി കാലത്ത് പത്തുമണിക്ക് ചിത്രീകരണം ആരംഭിച്ച ‘തത്ത്വമസി’ എന്ന സിനിമയാണ് വൈകുന്നേരം 11:40ന് ഓ ടി ടി പ്ലാറ്റ്ഫോമിലൂടെ ഡിജിറ്റൽ റിലീസിംഗ് പൂർത്തിയാക്കി ലോക സിനിമയിൽ പുതിയ അധ്യായം എഴുതി ചേർത്തത്.

ഒരു കോടതിയിൽ നടക്കുന്ന കേസ് വിസ്താരവും അതിനോടനുബന്ധിച്ച സംഭവങ്ങളുമാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. ഡിജിറ്റൽ ബാനറിൽ, പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയായ രഘുനാഥ് എൻ ബി രചനയും സംവിധാനവും നിർവഹിച്ച് നിർമിച്ച ‘തത്ത്വമസി’ എന്ന സിനിമയിൽ കണ്ടുപരിചിതമായ പതിവ് കോടതി രംഗങ്ങളിൽ നിന്നും വിഭിന്നമാണ് അവതരിപ്പിക്കുന്നത്. പലപ്പോഴും സിനിമയ്ക്കുവേണ്ടി വികൃതമാക്കപ്പെട്ട കോടതിയിലെ വാദപ്രതിവാദങ്ങൾ ഒട്ടും തനിമ നഷ്ടപ്പെടാതെ കോടതിയുടെ സിനിമ അവതരണത്തിന് ഒരു പുതിയ ഭാഷ്യം നൽകുകയാണ് ഈ സിനിമയിലൂടെ സംവിധായകൻ ചെയ്തിരിക്കുന്നത്. ജില്ലാ കോടതികളിലും മറ്റും പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരും ഡോക്ടർമാരും അതുപോലെയുള്ള നിരവധി പുതുമുഖങ്ങളുമാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒന്നേമൂക്കാൽ മണിക്കൂർ ദൈർഘ്യമുള്ള “തത്ത്വമസി”, മൈ ഓ ടി ടി മലയാളം എന്ന വെബ്സൈറ്റിലൂടെയും, മൈ ഓ ടി ടി മലയാളം എന്ന ആൻഡ്രോയിഡ് ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്തും പ്രേക്ഷകർക്ക് കാണാവുന്നതാണ്. യു ആർ എഫ് വേൾഡ് റെക്കോർഡ്, വേർഡ്സ് ഗ്രേറ്റസ് റെക്കോർഡ് തുടങ്ങിയ അംഗീകാരങ്ങൾ ഈ സിനിമയ്ക്ക് ഇതിനോടകം തന്നെ ലഭിച്ചു കഴിഞ്ഞു.പി ആർ ഒ-എ എസ് ദിനേശ്

Leave a Reply

Your email address will not be published. Required fields are marked *