ലൊക്കേഷനിൽ സുരക്ഷ ഒരുക്കിയില്ല; മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസയച്ച് നടി, പ്രതികരണവുമായി നിർമാതാക്കൾ

മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസയച്ച് ‘ഫൂട്ടേജ്’ സിനിമയിലെ നടി. ഷൂട്ടിംഗ് ലൊക്കേഷനിൽ ആവശ്യത്തിന് സുരക്ഷയൊരുക്കിയില്ലെന്ന് കാണിച്ചാണ് സിനിമയുടെ നിർമാതാവ് കൂടിയായ മഞ്ജുവിന് നടി ശീതൾ തമ്പി നോട്ടിസ് അയച്ചത്. അഞ്ചരക്കോടി രൂപ നഷ്ടപരിഹാരം വേണമെന്നും നോട്ടീസിൽ പറയുന്നു. എന്നാൽ പരാതി തള്ളി ഫൂട്ടേജ് സിനിമയുടെ നിർമാതാക്കൾ രംഗത്ത്. ഷൂട്ടിങ്ങിനിടെ അപകടം ഉണ്ടായപ്പോൾ വേണ്ട ചികിത്സ നൽകിയെന്ന് ഫൂട്ടേജ് സിനിമയുടെ നിർമാതാക്കൾ പ്രതികരിച്ചു. പരിക്കേറ്റ് വിശ്രമിക്കുമ്പോഴും സഹായം നൽകിയെന്നും നിർമാതാക്കളായ മൂവി ബക്കറ്റ് വിശദീകരിക്കുന്നു.

ഫൂട്ടേജ് സിനിമയിൽ ശീതൾ അഭിനയിക്കുന്നതിനിടെ ശീതളിന് പരിക്കേറ്റിരുന്നു. എന്നാൽ പരിക്കേറ്റ ശീതളിന് കാര്യായ രീതിയിൽ ചികിത്സാ ചിലവ് ലഭിച്ചില്ലെന്നും അഞ്ചു കോടി നഷ്ടപരിഹാരം നൽകണമെന്നുമാണ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഫുട്ടേജിന്റെ നിർമാതാവ് കൂടിയാണ് മഞ്ജു. സെറ്റിൽ ആംബുലൻസ് പോലും ഒരുക്കിയില്ലെന്നും നോട്ടീസിൽ പറയുന്നു. മഞ്ജു വാര്യർക്കും നിർമാണ കമ്പനി മൂവി ബക്കറ്റിലെ പാർട്ണറായ ബിനീഷ് ചന്ദ്രനുമെതിരെയാണ് നടിയും അസി. ഡയറക്ടറുമായ ശീതൾ തമ്പി വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

പുറത്തിറങ്ങാനിരിക്കുന്ന ഫൂട്ടേജ് സിനിമയിൽ ശീതൾ തമ്പി അഭിനയിച്ചിരുന്നു. ചിമ്മിനി വനമേഖലയിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. ഷൂട്ടിങ്ങിനിടയിൽ ഫൈറ്റ് സീനിൽ ശീതൾ അഭിനയിച്ചിരുന്നു. സാധാരണയായി സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് ഈ സീനെല്ലാം ഷൂട്ട് ചെയ്യുന്നത്. എന്നാൽ മതിയായ സുരക്ഷയില്ലാതെ ഷൂട്ട് ചെയ്യുകയും നിരവധി തവണ ഷൂട്ട് ചെയ്യേണ്ടി വന്നതിനാൽ ശീതളിന് പരിക്കുണ്ടായി എന്നുമാണ് വക്കീൽ നോട്ടീസിന് ആധാരമായി പറയുന്നത്.

പരിക്കുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയ തന്നെ നടത്തേണ്ടി വന്നു. ആശുപത്രിയിൽ വലിയ രീതിയിൽ പണം ചിലവായി. പക്ഷേ മൂവി ബക്കറ്റ് നിർമാണ കമ്പനി പല ഘട്ടങ്ങളിലായി നൽകിയത് ഒരു ലക്ഷത്തി എൺപതിനായിരം രൂപയാണെന്നും നോട്ടീസിൽ പറയുന്നു. നിലവിൽ ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. ഇതിന് ഉചിതമായ നഷ്ടപരിഹാരം നൽകാതെ മൂവി ബക്കറ്റ് മൗനം തുടരുകയാണെന്നും നഷ്ടപരിഹാരം വേണമെന്നുമാണ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നത്.

സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ നടി ശതീൾ തമ്പിക്ക് കോംപ്ലിക്കേറ്റഡായി പരിക്കേറ്റിരുന്നു. ഒരു പ്രാഥമിക ചികിത്സാ സൗകര്യങ്ങളും സെറ്റിലുണ്ടായിരുന്നില്ല. സാധാരണ ഗതിയിൽ സ്റ്റണ്ട് ചിത്രീകരിക്കുമ്പോൾ ഡ്യൂപിനെയാണ് ഉപയോഗിക്കുക. എന്നാൽ അവരും മനുഷ്യരല്ലേ. ശീതളിന് വീണ്ടും സ്റ്റണ്ട് ചെയ്തതിനാൽ പരിക്കേൽക്കുകയായിരുന്നുവെന്ന് ശീതൾ തമ്പിയുടെ അഡ്വക്കറ്റ് രഞ്ജിത്ത് മാരാർ പ്രതികരിച്ചു. നേരിട്ട് ആവശ്യപ്പെട്ടിട്ടും സഹായിക്കാത്തതിനാലാണ് വക്കീൽ നോട്ടീസ് അയച്ചതെന്നും ഫൂട്ടേജിന്റെ പ്രമോഷൻ വർക്കുകളിലെല്ലാം നടി സഹകരിച്ചുവെന്നും അഡ്വക്കേറ്റ് പറയുന്നു. ഉചിതമായ നഷ്ടപരിഹാരം തരാമെന്ന് പറഞ്ഞ് നൽകിയില്ലെന്നും അഡ്വക്കേറ്റ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *