ലാലിന് മാത്രമായി കയ്യടി കിട്ടാന്‍ അന്ന് എന്നെ ഒഴിവാക്കി, സങ്കടമായി, പക്ഷെ…; ജഗദീഷ്

ഗൗരവ്വമുള്ള വേഷങ്ങളിലൂടെ സിനിമയിൽ നിറഞ്ഞു നില്‍ക്കുകയാണ് ജഗദീഷ് ഇപ്പോൾ. തന്റെ കരിയറിന്റെ തുടക്കകാല ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ജഗദീഷ്. വെള്ളാനകളുടെ നാട് എന്ന സിനിമയില്‍ തനിക്ക് കിട്ടേണ്ട കയ്യടി നഷ്ടമായതിനെക്കുറിച്ചും എന്നാല്‍ അപ്രതീക്ഷിതമായി മറ്റൊരു കയ്യടി രംഗം കിട്ടിയതിനെക്കുറിച്ചും വനിതയിലെഴുതിയ ഓര്‍മ്മക്കുറിപ്പില്‍ അദ്ദേഹം പറയുന്നുണ്ട്. ആ വാക്കുകളിലേക്ക്.

‘മാഫിയ ശശിയുടെ കഥാപാത്രം ഫയല്‍ എടുത്തു കൊണ്ടു പോകുന്നു. മോഹന്‍ലാലും ഞാനും കൂടി അത് തടയുന്നു. കുറച്ചു ഭാഗം ഷൂട്ട് ചെയ്ത് ബാക്കി പിറ്റേന്ന് ചെയ്യാം എന്ന് പ്രിയന്‍ പറയുന്നു. നിര്‍മ്മാതാവായ മണിയന്‍പിള്ള രാജു ഒരു അഭിപ്രായം പറഞ്ഞു. ഫൈറ്റ് സീനില്‍ മോഹന്‍ലാലും ജഗദീഷും ഒരുമിച്ചു വേണ്ട. നായകന് ഒറ്റയ്ക്ക് കിട്ടേണ്ട കയ്യടിയാണത്. അതോടെ റീഷൂട്ട് ചെയ്തു. എനിക്ക് സങ്കടം തോന്നി. ലാലിന്റെ കൂടെ വരുമ്പോള്‍ തിയറ്ററിലെ കയ്യടി മനസിലുണ്ടായിരുന്നു. പക്ഷെ ഈശ്വരന്‍ മറ്റൊന്നാണ് വിചാരിച്ചത്. ലാലിന്റെ ഫൈറ്റ് കഴിഞ്ഞ് ഫയല്‍ അടങ്ങിയ പെട്ടി ഞാന്‍ ഒറ്റയ്ക്ക് രക്ഷിക്കാന്‍ ശ്രമിക്കുന്ന സീനുണ്ട്. അതിനും നല്ല കയ്യടി കിട്ടി. റിലീസ് ദിവസം മണിയന്‍പിള്ള രാജുവിനോട് ഞാന്‍ പറഞ്ഞു, ഒരുമിച്ച് അഭിനയിച്ചിരുന്നുവെങ്കില്‍ മോഹന്‍ലാലിന്റെ അക്കൗണ്ടിലേക്ക് പോയേനെ. ഇതിപ്പോ എനിക്കുള്ള കയ്യടിയാണല്ലോ. അത് കേട്ട് രക്ഷപ്പെടാനായി മണിയന്‍പിള്ള പറഞ്ഞു, അതുകൊണ്ടാണ് അളിയാ ഞാന്‍ മാറ്റി എഴുതാന്‍ പറഞ്ഞത്.‍’ ജഗദീഷ് പറയുന്നു. കോമഡിയില്‍ നിന്നും നായകനിലേക്കുള്ള തന്റെ ചുവടുമാറ്റത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.

‍‍’ഇന്‍ ഹരിഹര്‍ നഗറിന്റെ വിജയമാണ് എന്നെ നായകനാക്കാന്‍ കലൂര്‍ ഡെന്നീസിനെ പ്രേരിപ്പിച്ചത്. അദ്ദേഹം തന്നെ എഴുതി, തുളസീദാസ് സംവിധാനം ചെയ്ത മിമിക്‌സ് പരേഡില്‍ ആദ്യമായി നായകനായി. നായകന്‍ എന്ന റിസ്‌ക് ഏറ്റെടുക്കാന്‍ പേടിയുണ്ടായിരുന്നു. എന്നാല്‍ മിമിക്‌സ് പരേഡ് 100 ദിവസം ഓടി. അതൊരു തുടക്കമായിരുന്നു. സ്ത്രീധനം, വെല്‍ക്കം ടു കൊടൈക്കനാല്‍, സ്ഥലത്തെ പ്രധാന പയ്യന്‍സ്, കുണുക്കിട്ട കോഴി, മാന്ത്രികച്ചെപ്പ്, തുടങ്ങി ചെലവുകുറഞ്ഞ സിനിമകളിലെ പതിവ് നായകനായി. ചെറിയ ബജറ്റേ ഉള്ളൂ എങ്കില്‍ നിര്‍മ്മാതാവ് എന്നെ പരിഗണിക്കും. പലരും തമാശയായി പറയും, ജഗദീഷ് പാവങ്ങളുടെ മോഹന്‍ലാലാണ്.’ ജഗദീഷ് പറയുന്നു.

‘അപ്പോഴും അറിയാം, എല്ലാക്കാലത്തും നായകനായി നിലനില്‍ക്കാനാകില്ല. നായകന്റെ പ്രധാന കൂട്ടുകാരന്റെ വേഷം ഉപേക്ഷിച്ചില്ല. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ജയറാമിന്റേയും സഹനടനായി. നായക വേഷം ഉപേക്ഷിച്ചിട്ടാണ് വന്ദനം, ബട്ടര്‍ഫ്‌ളൈസ് എന്നീ ചിത്രങ്ങള്‍ ചെയ്തത്. ഈ തിരഞ്ഞെടുക്കല്‍ കണ്ട് മമ്മൂക്ക ഒരിക്കല്‍ പറഞ്ഞു, നീ ബുദ്ധിമാനാണ്- താരം ഓര്‍ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *