‘ലാപതാ ലേഡീസ്’ ഇന്ന് സുപ്രിം കോടതിയില്‍ പ്രദര്‍ശിപ്പിക്കും

മികച്ച നിരൂപക പ്രശംസയോടെ ശ്രദ്ധ നേടിയ ചിത്രം ‘ലാപത ലേഡീസ്’ ഇന്ന് സുപ്രീം കോടതിയിൽ പ്രദർശിപ്പിക്കും. സുപ്രീം കോടതിയിലെ ജഡ്ജിമാർക്കും അവരുടെ കുടംബംഗങ്ങൾക്കും മറ്റ് കോടതി ഉദ്യാഗസ്ഥർക്കും വേണ്ടിയാണ് ഈ സ്‌പെഷ്യൽ ഷോ. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ചിത്രം കാണാനുണ്ടാകും. ലിംഗസമത്വം പ്രധാന ഉള്ളടക്കമായ ചിത്രം കാണാൻ നടനും നിർമ്മാതാവുമായ ആമിർ ഖാനും സിനിമയുടെ സംവിധായിക കിരൺ റാവുവിനും പ്രത്യേക ക്ഷണമുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ബിൽഡിംഗ് കോംപ്ലക്സിലെ സി-ബ്ലോക്കിലുള്ള ഓഡിറ്റോറിയത്തില്‍ വൈകിട്ട് 4.15മുതല്‍ 6.20 വരെയായിരിക്കും പ്രദര്‍ശനം.

വന്‍താരനിരകളോ ആരവങ്ങളോ ഇല്ലാതെ വന്ന് മുഴുവന്‍ പ്രക്ഷേകരെയും കയ്യിലെടുത്ത ബോളിവുഡ് ചിത്രമാണ് ‘ലാപതാ ലേഡീസ്’. കഴിഞ്ഞ മാര്‍ച്ച് 1നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. പ്രതീക്ഷിച്ചതുപോലെ തിയറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ ചിത്രത്തിന് സാധിച്ചില്ലെങ്കിലും ഒടിടിയിലെത്തിയതോടെ ഭാഷാഭേദമന്യേ ലാപതാ ലേഡീസിനെ എല്ലാത്തരത്തിലുള്ള പ്രേക്ഷകരും ഏറ്റെടുത്തു.

ബിപ്ലവ് ഗോസ്വാമിയുടെ ചെറുകഥയെ ആസ്പദമാക്കിയാണ് കിരണ്‍ റാവു ഈ ചിത്രമൊരുക്കിയത്. ഉത്തരേന്ത്യന്‍ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം ഫൂല്‍ കുമാരി, ജയ ത്രിപാദി എന്നിവരുടെ ജീവിതങ്ങളിലൂടെയാണ് കടന്നുപോകുന്നത്. വിവാഹത്തിൽ കുരുങ്ങിപോകുന്ന ഗ്രാമീണ സ്ത്രീകളുടെ ജീവിതത്തിലേക്ക് തുറക്കുകയാണ് ചിത്രം. നിതാൻഷി ഗോയൽ, പ്രതിഭ രന്ത, സ്പർശ് ശ്രീവാസ്തവ, ഛായ കദം, രവി കിഷൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ടൊറൻ്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *