റോക്ക് ആൻഡ് റോൾ രാജാവ് പ്രസ്ലിയുടെ ഷൂസ് ലേലത്തിൽ വിറ്റത് ഒന്നേകാൽ കോടിക്ക്

റോക്ക് ആൻഡ് റോളിൻറെ രാജാവ് എന്നറിയപ്പെടുന്ന അമേരിക്കൻ ഗായകനും നടനുമായ എൽവിസ് ആരോൺ പ്രെസ്ലി എന്ന എൽവിസ് പ്രെസ്ലി ലോകമെമ്പാടും ആരാധകരുള്ള ഇതിഹാസമാണ്. ആ വിഖ്യാത ഗായകൻ മൺമറഞ്ഞിട്ട് 47 വർഷം പിന്നിടുമ്പോഴും ആരാധകർക്കിടയിൽ ഇന്നും ജീവിക്കുന്നു. പ്രെസ്ലി ഉപയോഗിച്ചിരുന്നതും പിന്നീട് തൻറെ സുഹൃത്തിനു സമ്മാനിച്ചതുമായ ഷൂസ് കഴിഞ്ഞദിവസം ലേലത്തിൽ വിറ്റുപോയി. 152,000 യുഎസ് ഡോളറിനാണ് (12,694,462 രൂപ) ഷൂസ് വിറ്റുപോയത്.

1950കളിൽ സ്റ്റേജിലും പുറത്തും ധരിച്ചിരുന്ന നീല സ്വീഡ് ഷൂസ് ആണ് ലേലത്തിൽപോയത്. ഹെൻറി ആൽഡ്രിഡ്ജ് ആൻഡ് സൺ ലേലശാലയിലായിരുന്നു നൂറുകണക്കിനു പേർ പങ്കെടുത്ത ലേലം നടന്നത്. ‘ദി സ്റ്റീവ് അലൻ ഷോ’യിലെ ‘ഹൗണ്ട് ഡോഗ്’, ‘ഐ വാണ്ട് യു, ഐ നീഡ് യു, ഐ ലവ് യു’ എന്നീ ഗാനങ്ങളുടെ സ്റ്റേജ് പ്രകടനത്തിനിടെ ധരിച്ചിരുന്നതാണ് ഈ ഷൂസ്. പിന്നീട്, യുഎസ് സൈന്യത്തിൽ ചേരുന്നതിനുമുമ്പ് ഈ ഐക്കണിക് ഷൂസ് പ്രെസ്ലി തൻറെ പ്രിയപ്പെട്ട സുഹൃത്തിനു സമ്മാനിക്കുകയായിരുന്നു.

സൈനികപ്രവേശനത്തിനു മുമ്പ് ഗ്രേസ്ലാൻഡിൽ പ്രെസ്ലി ഒരു നൈറ്റ് പാർട്ടി ഒരുക്കിയിരുന്നു. അതിൽ അദ്ദേഹത്തിൻറെ പ്രിയപ്പെട്ട സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അവിടെവച്ചാണ് അലൻ ഫോർട്ടാസ് എന്ന സുഹൃത്തിന് പ്രെസ്ലി ഷൂസ് സമ്മാനിച്ചത്.

ഇരുപതാം നൂറ്റാണ്ടിലെ സാംസ്‌കാരിക വ്യക്തിത്വങ്ങളിൽ പ്രധാനപ്പെട്ട ഒരാളായി എൽവിസ് പ്രെസ്ലിയെ ലോകം വിലയിരുത്തുന്നു. 14 തവണ ഗ്രാമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട പ്രെസ്ലി മൂന്നു തവണ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. ഗാനങ്ങളുടെ വിൽപ്പനയുടെ കാര്യത്തിലും ടെലിവിഷൻ പരിപാടികളുടെ റേറ്റിംഗുകളുടെ കാര്യത്തിലുമെല്ലാം ജീവിതത്തിലുടനീളം റെക്കോർഡുകൾ സൃഷ്ടിച്ച മഹാനായ കലാകാരനാണ് പ്രെസ്ലി.

Leave a Reply

Your email address will not be published. Required fields are marked *