‘രാജേട്ടന്‍ സിഗററ്റ് വലിക്കുമായിരുന്നു; സുരേഷ് ഗോപി വന്ന് അത് കൊണ്ടുപോകും, പിന്നാലെ അദ്ദേഹം നടക്കും’; പൊന്നമ്മ ബാബു

ഒരുകാലത്ത് സിനിമയില്‍ നിറസാന്നിധ്യമായിരുന്നു നടന്‍ രാജന്‍ പി ദേവ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് അസുഖബാധിതനായി മരണപ്പെട്ട നടന്‍ ഇന്നും അദ്ദേഹം അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ജീവിക്കുകയാണ്. ഇതിനിടെ രാജന്‍ ദേവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി പൊന്നമ്മ ബാബു.

മണ്‍മറഞ്ഞു പോയ താരങ്ങളെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന പരിപാടിയാണ് ‘ഓര്‍മ്മയില്‍ എന്നും’. രമേഷ് പിഷാരടി അവതാരകനായിട്ടെത്തുന്ന ഈ പരിപാടിയില്‍ കഴിഞ്ഞ ദിവസം രാജന്‍ പി ദേവിനെ കുറിച്ചുള്ള ഓര്‍മ്മകളാണ് പങ്കുവെച്ചത്. അദ്ദേഹത്തിന്റെ മകനും നടി പൊന്നമ്മ ബാബുവുമൊക്കെ അതിഥികളായി ഇതില്‍ പങ്കെടുത്തിരുന്നു. ഒരുമിച്ച് അഭിനയിക്കുന്ന കാലത്ത് ലൊക്കേഷനില്‍ വച്ച് ഉണ്ടായ രസകരമായ ഓര്‍മ്മകള്‍ പങ്കുവെച്ചാണ് നടി പൊന്നമ്മ ബാബു എത്തിയത്. രാജേട്ടന്‍ സിഗരറ്റ് വലിക്കുമ്പോള്‍ നടന്‍ സുരേഷ് ഗോപി അത് തടഞ്ഞുവെന്നും അന്ന് ലൊക്കേഷനില്‍ നടന്ന കാര്യങ്ങളുമൊക്കെ നടി പറയുകയാണ്.

ബ്ലാക്ക് ക്യാറ്റ് എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ രാജേട്ടന്‍ സിഗററ്റ് നല്ലത് പോലെ വലിക്കുമായിരുന്നു. ഇത് കണ്ട ഉടനെ സുരേഷ് ഗോപി വന്ന് അത് വലിച്ചെടുത്തു കൊണ്ടുപോകും. എടാ എടാ അത് കളയല്ലേടാ എന്ന് പറഞ്ഞ് അദ്ദേഹം പുറകെ പോകും. കുറച്ച് ഒച്ച ഒക്കെ ഉണ്ടാക്കുമെങ്കിലും സുരേഷ് ഗോപിയത് കാര്യമാക്കില്ല. എന്നാല്‍ കുറച്ചു കഴിയുമ്പോള്‍ അകത്തു പോയി അദ്ദേഹം വേറെ സിഗററ്റ് എടുത്തിട്ട് വരും. ഇന്ന് അതൊക്കെ പറയുമ്പോള്‍ സങ്കടം വരും. അദ്ദേഹം ഇന്നില്ലെന്ന് എനിക്ക് ഇനിയും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. എവിടെയോ സിനിമയുടെ ഷൂട്ടിങ്ങിന് പോയി എന്നേ വിശ്വസിക്കുന്നുള്ളൂ. രാജേട്ടന്‍ ഭയങ്കര കുടുംബ സ്‌നേഹി ആയിരുന്നു. എവിടെപ്പോയാലും ശാന്തമ്മ ശാന്തമ്മ എന്ന് പറഞ്ഞു കൊണ്ടേയിരിക്കും. ഞാന്‍ മരിച്ചു പോയാല്‍ നീ ഇടയ്‌ക്കൊക്കെ ശാന്തമ്മേനെ വിളിക്കണം കേട്ടോ എന്ന് ഒരിക്കല്‍ എന്നോട് പറഞ്ഞിരുന്നു. പിന്നെ അങ്ങ് മരിക്കാന്‍ പോവുകയല്ലേ എന്ന് ദേഷ്യത്തോടെ ഞാനും പറഞ്ഞു. പക്ഷേ അദ്ദേഹം തീരെ വയ്യാതിരിക്കുകയാണെന്ന് ഞങ്ങള്‍ അറിഞ്ഞില്ലായിരുന്നു…’ എന്നും പൊന്നമ്മ ബാബു കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *