മോഹൻലാലുമായുള്ള സൗഹൃദം തകർക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്, പക്ഷേ തകരാത്ത ബന്ധമാണ് ലാലുമായിട്ടുള്ളത്: എം.ജി. ശ്രീകുമാർ

മോഹൻലാലുമായുള്ള ബന്ധത്തെക്കുറിച്ച് ഗായകൻ എം.ജി. ശ്രീകുമാർ പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇരുവർക്കുമിടയിലെ ബന്ധം തകർക്കാൻ ചിലർ ശ്രമിച്ച കാര്യങ്ങളാണ് എംജി തുറന്നുപറഞ്ഞത്.

ഞങ്ങൾ രണ്ടുപേരുടെയും ജന്മനക്ഷത്രം രേവതിയാണ്. ജനനത്തീയതിയും അടുത്തടുത്താണ്. എന്റേത് മേയ് 24, ലാലിന്റേത് മേയ് 25. ആത്മാർഥസുഹൃത്തുക്കൾ ആണെങ്കിൽ കൂടിയും ഞങ്ങൾക്കിടയിൽ കൊച്ചു കൊച്ചു പിണക്കങ്ങൾ ഉണ്ടാകാറുണ്ട്. എങ്കിൽ കൂടിയും അതിനൊക്കെ നീർക്കുമിളയുടെ ആയുസ് മാത്രമേയുള്ളൂ. ഞങ്ങൾക്കിടയിലെ സൗഹൃദം തകർക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. പക്ഷേ, തകരാത്ത ബന്ധമാണ് ഞാനും ലാലുമായിട്ടുള്ളത്.

ഒരിക്കൽ ഞങ്ങൾ സുഹൃത്തുക്കൾ എല്ലാവരും കൂടി ഒത്തുകൂടി. നിർത്താതെ എല്ലാവരും സംസാരിച്ചുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഞാൻ പറഞ്ഞത് എന്തോ ലാലിന് ഇഷ്ടമായില്ല. അങ്ങനെ പറയേണ്ടിയിരുന്നില്ല എന്നു പറഞ്ഞ് ലാൽ എഴുന്നേറ്റു പോയി. ഇന്നത്തെപ്പോലെ മെസേജ് അയയ്ക്കാനോ വീഡിയോ കോൾ ചെയ്യാനോ, വാട്സ് ആപ്പോ ഫേസ്ബുക്കോ ഒന്നും അന്നുണ്ടായിരുന്നില്ലല്ലോ, അല്ലെങ്കിൽ കുത്തിയിരുന്നു രാത്രി മുഴുവൻ മെസേജ് അയയ്ക്കാമായിരുന്നു.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ ലാൽ എന്റെയടുത്തു വന്നു ചോദിച്ചു: ”നിങ്ങളെന്താ മിണ്ടാത്തെ ? ” എന്ന്. കേട്ടപാടെ ഞാൻ പറഞ്ഞു: ”എനിക്ക് ഒരു പിണക്കവുമില്ല. എന്നോടു മിണ്ടാതെ എഴുന്നേറ്റു പോയത് ഞാനല്ലല്ലോ അണ്ണനല്ലേ…” (ഞാൻ ലാലിനെ അണ്ണാ എന്നാണ് വിളിക്കുന്നത് ). കുറച്ചുനേരം മൗനിയായിരുന്നിട്ട് അണ്ണൻ ഒന്നു ചിരിച്ചു. അത്രേയുള്ളൂ ലാൽ- എംജി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *