‘മോഹന്‍ലാലിന്റെ അഭിനയം പോര, പക്ഷേ ചെക്ക് ചെയ്തപ്പോള്‍ ഞെട്ടി; രാം ഗോപാല്‍ വര്‍മ

മോഹന്‍ലാലിന്റെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടിയ ഹിന്ദി ചിത്രമാണ് കമ്പനി. വിഖ്യാത സംവിധായകന്‍ രാം ഗോപാല്‍ വര്‍മ ഒരുക്കിയ കമ്പനിയിലെ മോഹന്‍ലാലിന്റെ പൊലീസ് വേഷം സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായി മാറിയതാണ്. ഇന്നും ആ കഥാപാത്രവും മോഹന്‍ലാലിന്റെ പ്രകടനവും ചര്‍ച്ചയാകുന്നുണ്ട്. നായകന്‍ വിവേക് ഒബ്‌റോയ് ആയിരുന്നുവെങ്കിലും എന്നെന്നും ഓര്‍മ്മിപ്പിക്കപ്പെടുന്ന പ്രകടനമായി മാറി മോഹന്‍ലാലിന്റേത്. 2002 ലാണ് കമ്പനി പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ച് സംസാരിക്കുകയാണ് രാം ഗോപാല്‍ വര്‍മ. മോഹന്‍ലാല്‍ തന്നോട് ഒരുപാട് സങ്കീര്‍ണമായ ചോദ്യങ്ങള്‍ ചോദിക്കുമെന്ന് താന്‍ ആശങ്കപ്പെട്ടിരുന്നുവെന്നും എന്നാല്‍ അദ്ദേഹം തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ആര്‍ജിവി പറയുന്നത്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ് മാക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് രാം ഗോപാല്‍ വര്‍മ മനസ് തുറന്നത്.

‘കമ്പനിയ്ക്ക് വേണ്ടി ആദ്യമായി മോഹന്‍ലാലിനെ കണ്ടപ്പോള്‍ ഞാന്‍ കരുതിയിരുന്നത് അദ്ദേഹം തിരക്കഥയെക്കുറിച്ച് ഒരുപാട് സങ്കീര്‍ണമായ ചോദ്യങ്ങള്‍ ചോദിക്കുമെന്നാണ്. അതിനാല്‍ ഞാന്‍ അതിനായി തയ്യാറെടുത്തിരുന്നു. പക്ഷെ നരേഷന്‍ കഴിഞ്ഞ് അദ്ദേഹം ചോദിച്ചത് ഒരൊറ്റ ചോദ്യം മാത്രമാണ്. സര്‍, എത്ര ദിവസമാണ് നിങ്ങള്‍ക്ക് വേണ്ടത്? അതായിരുന്നു എന്നോടുള്ള അദ്ദേഹത്തിന്റെ ആദ്യത്തേതും ഒരേയൊരു ചോദ്യവും. അത് എനിക്കൊരു ആന്റിക്ലൈമാക്‌സ് ആയിരുന്നു. അദ്ദേഹം എല്ലാവരോടും ഇങ്ങനെയാകുമെന്നുറപ്പാണ്. അദ്ദേഹം ക്രാഫ്റ്റ് മനസിലാക്കുന്ന, സിനിമ മനസിലാകുന്ന നടനാണ്. അദ്ദേഹം വിശ്വാസത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് തോന്നുന്നു” എന്നാണ് രാം ഗോപാല്‍ വര്‍മ പറയുന്നത്.

അതേസമയം സിനിമയുടെ ചിത്രീകരണം തുടങ്ങിയപ്പോള്‍ തുടക്കത്തില്‍ മോഹന്‍ലാലിന്റെ പ്രകടനത്തില്‍ താന്‍ തൃപ്തനായിരുന്നില്ലെന്നാണ് രാം ഗോപാല്‍ വര്‍മ പറയുന്നത്. എന്നാല്‍ പിന്നീട് തനിക്ക് തെറ്റ് പറ്റിയെന്ന് തിരിച്ചറിഞ്ഞുവെന്നാണ് ആര്‍ജിവി പറയുന്നത്. ”അദ്ദേഹത്തിന്റെ അഭിനയത്തില്‍ തുടക്കത്തില്‍ എനിക്ക് പ്രശ്‌നമുണ്ടായിരുന്നു. അദ്ദേഹം ചെയ്യുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി. അങ്ങനെ ഞാന്‍ അദ്ദേഹത്തെക്കൊണ്ട് ആറേഴ് ടേക്ക് എടുത്തു. പിന്നീട് ചെക്ക് ചെയ്തപ്പോഴാണ് ആദ്യത്തെ ടേക്ക് തന്നെയാണ് ഏറ്റവും മികച്ചതെന്ന് ഞാന്‍ തിരിച്ചറിയുന്നത്” എന്നാണ് അദ്ദേഹം പറയുന്നത്.

വിവേക് ഒബ്‌റോയ്, അജയ് ദേവ്ഗണ്‍ എന്നിവരും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു കമ്പനി. വിവേക് ഒബ്‌റോയ് തന്റെ അരങ്ങേറ്റം കുറിച്ച സിനിമ കൂടിയായിരുന്നു കമ്പനി.

Leave a Reply

Your email address will not be published. Required fields are marked *