മോനെ എന്നാണ് വിളിച്ചിരുന്നത്, പിന്നെ അത് സാറേ എന്നാക്കി; മോഹന്‍ലാൽ മേജറൊക്കെ ആയതോടെ എനിക്ക് പേടിയായി; സേതുലക്ഷ്മിയമ്മ

ഇന്നും മലയാള സിനിമയെ മുന്നോട്ട് നയിക്കാന്‍ മോഹന്‍ലാല്‍ മുന്നില്‍ തന്നെയുണ്ട്. തങ്ങളുടെ തൊട്ടടുത്ത വീട്ടിലെ പയ്യന്‍ ഇമേജാണ് മോഹന്‍ലാലിന് മലയാളികള്‍ക്കിടയിലുണ്ടായിരുന്നത്. ആ ഇമേജാണ് മോഹന്‍ലാലിന്റെ വിജയങ്ങളെ തങ്ങളുടെ വിജയമായി ആഘോഷിക്കാന്‍ ആരാധകരെ പ്രേരിപ്പിക്കുന്ന ഘടകം. മോഹന്‍ലാലിനെ സ്വന്തം മകനെ പോലെ സ്‌നേഹിക്കുന്ന ഒരുപാട് അമ്മമാരുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലുമായുള്ള അടുപ്പത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി സേതുലക്ഷ്മി. മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സേതുലക്ഷ്മി മനസ് തുറന്നത്. മോഹന്‍ലാലിനെ താന്‍ ആദ്യം മോനെ എന്നായിരുന്നു വിളിച്ചിരുന്നത്. എന്നാല്‍ മോഹന്‍ലാല്‍ പട്ടാള ഉദ്യോഗസ്ഥനായതോടെ തനിക്ക് പേടിയായെന്നാണ് സേതുലക്ഷ്മി പറയുന്നത്.

”മോഹന്‍ലാലുമായി ആദ്യമൊക്കെ നല്ല ബന്ധമായിരുന്നു. പിന്നെയാണ് അദ്ദേഹം മുകളിലേക്ക് മുകളിലേക്ക് കയറി വരുന്നത്. മേജറൊക്കെ ആയതോടെ എനിക്ക് പേടിയായി. മോഹന്‍ലാലിന് ഗൗരവ്വം വന്നതല്ല. ഞാന്‍ മോനെ, മക്കളെ എന്നൊക്കെയായിരുന്നു വിളിച്ചു കൊണ്ടിരുന്നത്. ഇത്ര വലിയ മനുഷ്യനല്ലേ. അതോടെ സാര്‍ എന്നായി വിളിക്കുന്നത്. ഞാന്‍ അങ്ങ് പേടിച്ചു. വലിയ ആളല്ലേ. ഭയങ്കര ഉദ്യോഗമൊക്കെയല്ലേ.” എന്നാണ് സേതുലക്ഷ്മിയമ്മ നിക്ഷകളങ്കമായ ചിരിയോടെ ചോദിക്കുന്നത്.

നല്ല സ്‌നേഹമാണ്. മോന്റെ കാര്യം പറയുമ്പോള്‍ വിഷമിക്കണ്ടാന്ന് പറയും. പടം പോയാല്‍ പോകട്ടെ എന്ന് വെക്കണം എന്ന് പറയും എന്നാണ് മോഹന്‍ലാലിനെക്കുറിച്ച് അവര്‍ പറയുന്നത്. ഒരു പടം വന്നിട്ട് പോയിട്ടുണ്ടെങ്കില്‍ ചിലപ്പോള്‍ അവരുടെ നല്ലതിനാകും. ചിലപ്പോള്‍ നമ്മളുടെ നല്ലതിനാകും. വേറെ പടം വരും എന്നും പറയുമെന്നും സേതുലക്ഷ്മി പറയുന്നു. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമെല്ലാം ഒരുപോലെ കയ്യടി നേടിയിട്ടുള്ള താരമാണ് സേതുലക്ഷ്മി. മൗനരാഗം അടക്കമുള്ള ജനപ്രീയ പരമ്പരകളിലെ നിറ സാന്നിധ്യമാണ് സേതുലക്ഷ്മി. നാടക രംഗത്തു നിന്നുമാണ് സേതുലക്ഷ്മി സിനിമയിലേക്ക് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *