മൂന്ന് വർഷത്തിനിടെ, ഇന്ത്യൻ ക്രിയേറ്റർമാർക്ക് യു ട്യൂബ് പ്രതിഫലമായി നൽകിയത് 21,000 കോടി രൂപ. കഴിഞ്ഞദിവസം മുംബൈയിൽ നടന്ന വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് സമ്മിറ്റിൽ (വേവ്‌സ്) യൂ ട്യൂബിന്റെ ഇന്ത്യൻ സി.ഇ.ഒ നിയാൽ മോഹനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്ത്യ കണ്ടന്റ് ക്രിയേറ്റർമാരുടെ രാജ്യമായി മാറിയതിനാൽ വൻ നിക്ഷേപം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ടത്തിൽ 850 കോടി രൂപയാണ് നിക്ഷേപിക്കുക. 2024ൽ, ഇന്ത്യയിൽ 10 കോടിയിലധികം ചാനലുകൾ ഉള്ളടക്കം അപ്ലോഡ് ചെയ്തു. ഇവയിൽ 15,000-ത്തിലധികം ചാനലുകൾക്ക് പത്ത് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യയിൽ നിർമിച്ച ഉള്ളടക്കത്തിന് ആഗോള പ്രേക്ഷകരിൽ നിന്ന് 4500 കോടി മണിക്കൂർ കാഴ്ച സമയം ലഭിച്ചുവെന്നും നിയാൽ മോഹൻ പറയുന്നു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: ‘എവിടെയുമുള്ള ഒരു കണ്ടന്റ് ക്രിയേറ്ററെ ലോകത്ത് എല്ലായിടത്തുമുള്ള പ്രേക്ഷകരുമായി ബന്ധിപ്പിക്കാനുള്ള യൂട്യൂബിന്റെ കഴിവ്, അതിനെ സാംസ്‌കാരിക വിനിമയത്തിന്റെ ശക്തമായ ഉപാധിയാക്കി മാറ്റിയിരിക്കുന്നു, ഇന്ത്യയെപ്പോലെ കാര്യക്ഷമമായി ഇത് പ്രയോജനപ്പെടുത്തിയ രാജ്യങ്ങൾ ചുരുക്കമാണ്’.20 വർഷം മുമ്പാണ് യു ട്യൂബ് ചാനൽ തുടങ്ങിയത്. ഇന്റർനെറ്റ് യുഗത്തിലെ തീർത്തും വ്യത്യസ്തമായൊരു പരീക്ഷണമായിരുന്നു യു ട്യൂബ്.