മറവി എന്നത് ദൈവമായിട്ട് മനുഷ്യന് തന്നൊരു കാര്യമാണ്; എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ട്രാജഡി അച്ഛൻ അക്സിഡന്റിൽ മരിച്ചതാണ്: സൈജു കുറുപ്പ്

മയൂഖം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടനാണ് സൈജു കുറുപ്പ്. പിന്നീട് ഇങ്ങോട്ട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തു. സമീപകാലത്ത് റിലീസ് ചെയ്ത സൈജു സിനിമകളെല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പ്രത്യേകിച്ച് ഭരതനാട്യം എന്ന ചിത്രം. കൃഷ്ണദാസ് എന്ന വേഷത്തിൽ സായ് കുമാറിനൊപ്പം സൈജു എത്തിയ സിനിമ തിയറ്ററിൽ ശോഭിച്ചിരുന്നില്ല. എന്നാൽ ഒടിടിയിൽ എത്തിയതും കഥ മാറി. ഭരതനാട്യം മറ്റ് ഭാഷക്കാരിൽ അടക്കം ശ്രദ്ധനേടി. മലയാളികൾ സിനിമയെ വാനോളം പുകഴ്ത്തി. പക്കാ ഡീസന്റ് ഫാമിലി- കോമഡി എന്റർടെയ്ൻമെന്റ് ചിത്രം എന്നാണ് ഭരതനാട്യത്തെ കുറിച്ച് ഏവരും ഒരേസ്വരത്തിൽ പറഞ്ഞത്. 

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ട്രാജഡി അച്ഛന്റെ മരണമാണെന്ന് പറയുകയാണ് സൈജു കുറുപ്പ്. ജയ് മഹേന്ദ്രൻ എന്ന സീരീസിന്റെ പ്രമോഷൻ ഭാ​ഗമായി സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭരതനാട്യം തിയറ്ററിൽ പരാജയപ്പെട്ടപ്പോൾ വലിയ വിഷമം ആയെന്നും സൈജു പറയുന്നുണ്ട്. 

‘മറവി എന്നത് ദൈവമായിട്ട് മനുഷ്യന് തന്നൊരു കാര്യമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ട്രാജഡി അച്ഛൻ അക്സിഡന്റിൽ മരിച്ചതാണ്. സിനിമകളുടെ പരാജയമല്ല എന്റെ ട്രാജഡി. എന്റെ വീടിന്റെ ടെറസിൽ പോയിട്ട് അച്ഛന്റെ മൃതദേഹം ദഹിപ്പിച്ച സ്ഥലം രാത്രിയിൽ ഒരു മണിക്കൂറും രണ്ട് മണിക്കൂറും ഇങ്ങനെ നോക്കിനിൽക്കും. ഇതിൽ നിന്നും എങ്ങനെ ഞാൻ തിരിച്ചു വരും എന്ന ചിന്തകളായിരുന്നു. കാരണം അത്രയ്ക്ക് ഞാൻ തകർന്നിരിക്കുകയാണ്. ആ വിഷമത്തിൽ നിന്നും എനിക്ക് തിരിച്ച് വരാൻ പറ്റില്ല. ഞാൻ എന്തിന് വേണ്ടിയാണ് ഈ സിനിമകളൊക്കെ ചെയ്യുന്നത്. ആരെ കാണിക്കാൻ വേണ്ടിയാണ്. എനിക്ക് സിനിമകൾ ഉള്ളതുകൊണ്ട് ആരാണ് സന്തോഷിക്കാൻ പോകുന്നത്. എന്നൊക്കെയായി ചിന്തകൾ. പക്ഷേ പതിയെ പതിയെ അതെല്ലാം നമ്മൾ മറക്കും’, എന്നാണ് സൈജു കുറുപ്പ് പറഞ്ഞത്. 

‘അതുപോലെ പരാജയങ്ങളും ട്രാജിക് ആണല്ലോ. ഭരതനാട്യത്തിന്റെ തിയറ്ററിലെ പരാജയം. ആ സമയത്ത് പത്ത് പതിനഞ്ച് ദിവസം എനിക്ക് ഭയങ്കര പ്രയാസമായിരുന്നു. ഭരതനാട്യത്തിന്റെ പ്രൊഡ്യൂസർ കൂടിയാണ് ഞാൻ. അതിപ്പോൾ പ്രൊഡ്യൂസർ അല്ലെങ്കിലും അങ്ങനെ തന്നെ. സമ്മിശ്ര പ്രതികരണമൊക്കെ ആയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. പക്ഷേ നല്ല റിവ്യുകളാണ് വന്നത്. അതിന്റെ ഒരു വിഷമം ഉണ്ടായി.  ഒടിടിയിൽ വന്നപ്പോൾ നല്ല പ്രതികരണം ആയതുകൊണ്ട് തന്നെ പെട്ടെന്ന് എനിക്ക് റിക്കവറാകാൻ പറ്റി’, എന്നും സൈജു കൂട്ടിച്ചേർത്തു. 

Leave a Reply

Your email address will not be published. Required fields are marked *