മമ്മൂട്ടിയുടെ സൗന്ദര്യരഹസ്യം സീനത്തിന് അറിയാം

മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് വിശേഷണങ്ങള്‍ ആവശ്യമില്ല. മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് ആ മഹാനടന്‍. വെള്ളിത്തിരയില്‍ മമ്മൂട്ടി പകര്‍ന്നാടിയ വേഷങ്ങള്‍ എന്നും വിസ്മയമാണ്. പ്രായം വെറും സംഖ്യമാത്രമാണെന്ന് മമ്മൂട്ടിയില്‍ നിന്നാണ് നമ്മള്‍ പഠിക്കേണ്ടതാണ്. എഴുപതു വയസ് പിന്നിട്ടിട്ടും ഇന്നും ഒരു യുവതാരത്തിന്റെ ചുറുചുറുക്കും പ്രസരിപ്പുമായി സജീവമാണ് മമ്മൂട്ടി. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ താരം ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. ഭക്ഷണക്രമങ്ങളും വ്യായാമവും കൃത്യമായി പാലിക്കുന്ന മറ്റൊരു നടനും മലയാളത്തിലില്ല.

മമ്മൂട്ടിയുമായുള്ള അഭിമുഖങ്ങളില്‍ അദ്ദേഹത്തിന്റെ സൗന്ദര്യരഹസ്യം അവതാരകര്‍ ചോദിച്ചാല്‍ ചിരിച്ചുകൊണ്ട് എന്തെങ്കിലും മറുപടി മാത്രമാണ് താരം പറയുക. നിരവധി ക്യാരക്ടര്‍ വേഷങ്ങള്‍ കൊണ്ട് മലയാളിയുടെ മനസില്‍ ഇടം നേടിയ സീനത്ത് മമ്മൂട്ടിയുടെ സൗന്ദര്യരഹസ്യത്തെക്കുറിച്ചു പറഞ്ഞത് ആരാധകര്‍ ഏറ്റെടുത്തു. ഫിറ്റ്‌നസ് കാത്തു സൂക്ഷിക്കാനായി ഇഷ്ടഭക്ഷണങ്ങള്‍ ഒഴിവാക്കുന്ന താരമല്ല മമ്മൂട്ടി എന്നാണ് സീനത്ത് പറയുന്നത്.

ഒരിക്കല്‍, ലൊക്കേഷനില്‍ വച്ച് സൂപ്പര്‍താരത്തോട് സൗന്ദര്യരഹസ്യം എന്താണെന്ന് സീനത്ത് ചോദിച്ചു. പതിവുപോലുള്ള അദ്ദേഹത്തിന്റെ മറുപടിയില്‍ തൃപ്തി തോന്നാതിരുന്ന സീനത്ത് മമ്മൂട്ടി ചെയ്യുന്ന കാര്യങ്ങളെല്ലാം ശ്രദ്ധിക്കാന്‍ തുടങ്ങി. അന്ന് ഉച്ചഭക്ഷണത്തിന് മമ്മൂട്ടി എന്താണ് കഴിക്കുന്നതെന്ന് സീനത്ത് ശ്രദ്ധിച്ചു. മമ്മൂട്ടിക്കായി ഭക്ഷണ സാധനങ്ങള്‍ ഓരോന്നായി അവര്‍ മേശപ്പുറത്ത് നിരത്തി. ഒരുപാട് വിഭവങ്ങളുണ്ടായിരുന്നു. തുടര്‍ന്ന്, അവിടെയുണ്ടായിരുന്നവര്‍ക്ക് അദ്ദേഹം ധാരാളം ഭക്ഷണം കൊടുത്തു. അതില്‍ നിന്നെല്ലാം വളരെ കുറച്ചു മാത്രം എടുത്ത് അദ്ദേഹം കഴിച്ചു. ഇഷ്ടമുള്ളതെല്ലാം അദ്ദേഹം കഴിക്കും. എന്നാല്‍, വാരിവലിച്ച് അദ്ദേഹം ഒന്നും കഴിച്ചില്ല. അങ്ങനെയൊരു ശീലം മമ്മൂട്ടിക്കില്ല. നല്ല ഭക്ഷണം ആവശ്യമുള്ളത് കഴിക്കുക എന്നതാണ് അദ്ദേഹത്തിന്റെ സൗന്ദര്യരഹസ്യമെന്നും സീനത്ത് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *