മലയാളത്തിൽ ഏത് സിനിമ ചെയ്താലും മമ്മൂട്ടിയുടെ മകൻ എന്ന ടാഗ് ചാർത്തി ആക്രമിക്കുന്ന സംഘമുണ്ടെന്ന് നടൻ ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ ആണെന്നതിൽ അഭിമാനമുണ്ട്. എന്നാൽ ആ വിശേഷണം താൻ എപ്പോഴും ആഗ്രഹിക്കുന്നില്ലെന്നും താരം പറഞ്ഞു. ആർ ബാൽകിയുടെ ‘ചുപ്പ്’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുൽഖർ നൽകിയ പഴയ അഭിമുഖത്തിലെ വാക്കുകളാണിപ്പോൾ ശ്രദ്ധനേടുന്നത്.
‘മമ്മൂട്ടിയുടെ മകൻ ആയിരിക്കുമ്പോഴും ദുൽഖർ സൽമാൻ ആയി എന്നെ അംഗീകരിക്കുന്നതാണ് എനിക്കിഷ്ടം. മമ്മൂട്ടിയുടെ മകനെന്ന ടാഗ് മാറ്റാൻ എത്രതന്നെ ശ്രമിച്ചാലും അതിന് അനുവദിക്കാത്ത ചില ആളുകളുണ്ട്. അത് ചിലപ്പോൾ അവരുടെ അജണ്ട ആയിരിക്കാം. അതെന്താണെന്ന് എനിക്കറിയില്ല.ഞാൻ തമിഴിലോ തെലുങ്കിലോ നന്നായി അഭിനയിക്കുകയും അവിടത്തെ പ്രേക്ഷകർ എന്നെ ഇഷ്ടപ്പെടുകയും ചെയ്യുമ്പോൾ ആ സംഘം അവിടെയുംവന്ന് ആക്രമിക്കും. ഞാനവരുടെ സ്വന്തം നാട്ടുകാരനാണെന്ന പരിഗണന പോലും തരില്ല. മറ്റുള്ളവർ എന്നെ സ്നേഹിക്കുമ്പോൾ ഇവർ എന്തിനാണെന്ന് എന്നെ വേട്ടയാടുന്നതെന്ന് മനസിലാവുന്നില്ല. ഞാൻ കൂടുതലും മറ്റ് ഭാഷകളിൽ വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്നതിന്റെ കാരണങ്ങളും ഇതൊക്കെ തന്നെയാണ്. മമ്മൂട്ടിയുടെ മകനെന്ന ടാഗ് അവിടെ വളരെ കുറവാണ്. മറ്റ് ഭാഷകളിൽ അഭിനയിക്കുമ്പോൾ ഞാൻ ദുൽഖർ എന്ന നിലയ്ക്ക് തന്നെയാണ് അറിയപ്പെടുന്നത്.മമ്മൂട്ടിയുടെ മകൻ ആണെന്നതിൽ വളരെ അഭിമാനിക്കുന്നയാളാണ് ഞാൻ. പക്ഷേ ആ ടാഗിൽ ജീവിതകാലം മുഴുവൻ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല. ഞാൻ എന്താണെന്ന് തിരിച്ചറിയുന്ന ചിലരുണ്ട്. എന്റെ കുടുംബത്തിന്റെ പേരിൽ അറിയപ്പെട്ട് ആ രീതിയിൽ സിനിമ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല’- ദുൽഖർ സൽമാൻ വ്യക്തമാക്കി.