‘മനുഷ്യത്വ വിരുദ്ധമായ കാര്യങ്ങളെ ഒരിക്കലും ഒരു സിനിമ ന്യായീകരിക്കരുത്’; സിനിമ പൊളിറ്റിക്കലി കറക്ടായിരിക്കണമെന്ന് ശ്രുതി രാമചന്ദ്രൻ

ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ ശ്രദ്ധ നേടാൻ സാധിച്ച നടിയാണ് ശ്രുതി രാമചന്ദ്രൻ. അഭിനയത്തിന് പുറമെ തിരക്കഥ രചനയിലൂടേയും സിനിമയിൽ സാന്നിധ്യമായി മാറാൻ ശ്രുതിയ്ക്ക് സാധിച്ചിട്ടുണ്ട്. മികച്ചൊരു നർത്തകിയായ ശ്രുതി അധ്യാപികയായിരുന്നു.

ഇപ്പോഴിതാ സിനിമ കൊണ്ട് സമൂഹത്തിലുണ്ടാക്കാൻ സാധിക്കുന്ന മാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്രുതി രാമചന്ദ്രൻ. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രുതി മനസ് തുറന്നത്.

”സിനിമ വളരെ ശക്തമായ മാധ്യമമാണ്. എന്റർടെയ്ൻമെന്റിന് വേണ്ടി മാത്രമാണ് മനുഷ്യർ സിനിമ കാണുന്നതെന്ന് ഞാൻ കരുതുന്നില്ല. സിനിമയിലൂടെ നമ്മൾ സമൂഹവുമായി എന്താണ് സംസാരിക്കുന്നതെന്നത് പ്രധാനമാണ്. ഓരോ സിനിമയും ചർച്ച ചെയ്യുന്ന വിഷയത്തിന് പ്രാധാന്യമുണ്ട്. കൃത്യമായ പൊളിറ്റിക്കൽ കറക്ട്നെസോടു കൂടിയായിരിക്കണം സിനിമ സംസാരിക്കേണ്ടത്. സ്ത്രീ, ദളിത്, മനുഷ്യത്വ വിരുദ്ധമായ കാര്യങ്ങളെ ഒരിക്കലും ഒരു സിനിമ ന്യായീകരിക്കരുത്” ശ്രുതി പറയുന്നു.

സിനിമ തന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ചും ശ്രുതി സംസാരിക്കുന്നുണ്ട്. ആർക്കിടെക്ചർ എന്നത് ചെറിയ ലോകമാണെന്ന് സിനിമയിൽ എത്തിയതിന് ശേഷം ഞാൻ തിരിച്ചറിഞ്ഞുവെന്നാണ് ശ്രുതി പറയുന്നത്. സിനിമയിൽ വരുമ്പോൾ ഒരുപാട് കഥകൾ കേൾക്കുന്നു, അത്ര തന്നെ ആൾക്കാരുമായി ഇടപെടുന്നു. പരിചയപ്പെടുന്നു. അതൊക്കെ വളരെ മനോഹരമാണ്. എല്ലാ ദിവസവും ഒരുപോലെയല്ല എന്നതാണ് സിനിമയുടെ വലിയ പ്രത്യേകത. എല്ലാം എന്നെ എക്സൈറ്റ് ചെയ്യിക്കുന്നുണ്ടെന്നും താരം പറയുന്നു.

സിനിമയിലെത്തിയ ശേഷമാണ് എനിക്ക് നല്ല രീതിയിൽ ആളുകളെ മനസിലാക്കാൻ സാധിച്ചത്. എന്നിലെ ദയയും കരുണയുമൊക്കെ വർധിച്ചു. ഓരോ ദിവസവും ഇന്നലത്തേതിനേക്കാൾ കൂടുതൽ നല്ല മനുഷ്യനാകാനാണ് ശ്രമിക്കേണ്ടത്. നമ്മളിലുണ്ടാകുന്ന മാറ്റം നമ്മുടെ ജോലിയിലും പ്രതിഫലിക്കും എന്നാണ് എന്റെ വിശ്വാസം. കുറച്ചുകൂടി നല്ല വ്യക്തിയാകാൻ സിനിമ എന്നെ സഹായിച്ചു എന്ന് തോന്നാറുണ്ടെന്നും ശ്രുതി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *