മധുരമുള്ള ഓര്‍മകള്‍ ചേച്ചിയോട് പറഞ്ഞു കുറേ ചിരിച്ചു; എട്ട് വർഷത്തിനു ശേഷം നടൻ ശ്രീനിവാസനെ കണ്ടപ്പോൾ: കുറിപ്പുമായി ഭാഗ്യലക്ഷ്മി

എട്ട് വർഷത്തിനു ശേഷം നടൻ ശ്രീനിവാസനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച്‌ ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ശ്രീനിവാസനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്. വർഷങ്ങള്‍ക്ക് ശേഷം കണ്ടപ്പോള്‍ പഴയ മദിരാശി ഓര്‍മകളായിരുന്നു സംസാരിച്ചത് മുഴുവന്‍ എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

ഭാഗ്യലക്ഷ്മിയുടെ കുറിപ്പ്

8 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് ശ്രീനിയേട്ടനെ കണ്ടപ്പോള്‍… പഴയ മദിരാശി ഓര്‍മകളായിരുന്നു ഞങ്ങള്‍ സംസാരിച്ചത് മുഴുവന്‍… 1976ല്‍ മണിമുഴക്കം ഡബ്ബിങ് സമയത്താണ് ശ്രീനിയേട്ടനെ പരിചയപ്പെടുന്നത്. ശ്രീനിയേട്ടന്‍ സിനിമയില്‍ അവസരം അന്വേഷിച്ചു നടക്കുന്ന കാലം.. ഞാന്‍ ഡബ്ബിങിനും… പിന്നീട് 1982ലോ 83ലോ ഒരു ഓണക്കാലത്തു മദ്രാസ് മലയാളി അസോസിയേഷന് വേണ്ടി ശ്രീനിയേട്ടന്റെ സംവിധാനത്തില്‍ ഒരു നാടകം.

അതിലെ നായിക ഞാന്‍.. കുറേ റിഹേഴ്‌സല്‍ ഒക്കെ നടത്തി… പക്ഷേ നാടക ദിവസം രാവിലെ ശ്രീനിയേട്ടന്‍ വീട്ടില്‍ വന്നു പറഞ്ഞു നാടകം നടക്കില്ല.. ഞാന്‍ നാട്ടില്‍ പോണു.. ഒരൊറ്റ പോക്ക്.. അതെന്താണെന്ന് ഇന്നും ഞങ്ങള്‍ പരസ്പരം ചോദിച്ചു.. ആാാ..

മധുരമുള്ള ഓര്‍മകള്‍ ചേച്ചിയോട് പറഞ്ഞു കുറേ ചിരിച്ചു. എപ്പോഴും കാണാറും വിളിക്കാറും ഒന്നുമില്ലെങ്കിലും അതേ സൗഹൃദവും സ്‌നേഹവും ഇന്നും ഞങ്ങള്‍ തമ്മിലുണ്ട്…. ചിന്താവിഷ്ടയായ ശ്യാമളയും വടക്കുനോക്കി യന്ത്രവും ഞാനാണ് ഡബ്ബ് ചെയ്തതെന്ന് ഇന്നാണ് അറിയുന്നത് എന്ന് ചേച്ചി പറഞ്ഞപ്പോ ഞാന്‍ അത്ഭുതത്തോടെ ശ്രീനിയേട്ടനെ നോക്കി.. അപ്പോഴും ശ്രീനിയേട്ടന്‍ ഉറക്കെ ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *