ബി.ജെ.പി മടുത്തു; സംവിധായകൻ രാജസേനൻ സി.പി.എമ്മിലേക്ക്‌

സംവിധായകൻ രാജസേനൻ ബി.ജെ.പി വിട്ട് സി.പി.എമ്മിൽ ചേരുന്നു. എ.കെ.ജി സെന്ററിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പഴയ സി.പി.എമ്മുകാരനാണെന്നും ബി.ജെ.പിയുമായി ആശയപരമായി പ്രശ്‌നമുണ്ടെന്നും രാജസേനൻ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു. രാജസേനനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി എം.വി ഗോവിന്ദും പ്രതികരിച്ചു.

കലാരംഗത്ത് ഒന്നുകൂടി സജീവമാകണം. പഴയ സി.പി.എമ്മുകാരനാണ് ഞാൻ. മനസ്സുകൊണ്ട് സി.പി.എമ്മിനൊപ്പമാണ്. കലാകാരന്മാർക്ക് കൂടുതൽ അംഗീകാരം നൽകുന്ന പാർട്ടിയാണ് സി.പി.എം. കലാരംഗത്ത് പ്രവർത്തിക്കാൻ ബി.ജെ.പി അവസരം തന്നില്ല- രാജസേനൻ പറഞ്ഞു. ബി.ജെ.പി എന്നെ അവഗണിച്ചു. അത് താങ്ങാൻ കഴിയുന്നതായിരുന്നില്ല. തെരഞ്ഞെടുപ്പിൽ കൈയിൽനിന്ന് പണം ചെലവായിട്ടുണ്ട്. ബി.ജെ.പിയിൽ പോയതോടെ സിനിമയിലെ സുഹൃത്തുക്കൾ തന്നിൽനിന്ന് അകന്നു. ഇ.ഡിയെ പേടിക്കാൻ തന്റെ കൈയിൽ അത്രയും പണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ജെ.പി സംസ്ഥാന സമിതി അംഗമാണ് രാജസേനൻ. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരുവിക്കരയിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പാർട്ടി അംഗത്വം ഇന്നു രാജിവയ്ക്കുമെന്നാണ് അറിയുന്നത്. ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെയാണ് സിനിമാലോകത്ത് ശ്രദ്ധിക്കപ്പെട്ടത്. 1993ൽ പുറത്തിറങ്ങിയ മേലേപ്പറമ്പിൽ ആൺവീട് എന്ന ചിത്രം വൻ വിജയമായി. പിന്നീട് അനിയൻ ബാവ ചേട്ടൻ ബാവ, സ്വപ്നലോകത്തെ ബാലഭാസ്‌കരൻ, കഥാനായകൻ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തു. പത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകൾക്കു പുറമെ ടെലിവിഷൻ പരമ്പരകളിലും അഭിനയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *