നടൻ ബാലയുടെ മുൻ പങ്കാളി ഡോ.എലിസബത്ത് ഉദയനെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് വിവാഹാഭ്യർത്ഥന നടത്തിയത്. എലിസബത്തിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അതുകൊണ്ടാണ് പബ്ളിക്കായി വിവാഹാഭ്യർത്ഥന നടത്തുന്നതെന്ന് സന്തോഷ് വർക്കി പറഞ്ഞു.
‘ഞാൻ നിങ്ങളുടെ വീഡിയോകൾ കണ്ടു. നിങ്ങൾ പറഞ്ഞ പല കാര്യത്തിനും ഞാൻ സാക്ഷിയായിരുന്നു. നിങ്ങളുടെ നമ്പർ കിട്ടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നിങ്ങൾക്ക് ഒരുപാട് മോശം അനുഭവം ഉണ്ടായി, ട്രോമയിലൂടെ കടന്നുപോയി. ഞാനും അതൊക്കെ അനുഭവിച്ചിട്ടുള്ള ആളാണ്. നിങ്ങളൊരു ഡോക്‌ടറാണ്, ഞാൻ എഞ്ചിനീയറും. നിങ്ങളുമായി ബന്ധപ്പെടാൻ ഒരുപാട് ശ്രമിച്ചിട്ടും നടന്നില്ല, അതിനാലാണ് ഇങ്ങനെ സംസാരിക്കുന്നത്.
നമ്മൾ തമ്മിൽ ഒരുപാട് സാമ്യതകളുണ്ട്. നിങ്ങൾക്ക് ഇനിയും കല്യാണം കഴിക്കാൻ താത്‌പര്യമുണ്ടെങ്കിൽ എനിക്ക് നിങ്ങളെ കല്യാണം കഴിക്കാൻ താത്‌പര്യമുണ്ട്. നമ്മൾ രണ്ടുപേരും ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നുപോയവരാണ്. എന്നെക്കാൾ കൂടുതൽ പ്രശ്നങ്ങൾ അനുഭവിച്ചത് നിങ്ങളാണ്. ബാല എന്നെ എന്തുവേണമെങ്കിലും ചെയ്യാം, നിങ്ങളെയും ചെയ്യാം. നിങ്ങൾക്ക് താത്‌പര്യമുണ്ടെങ്കിൽ കല്യാണം കഴിക്കാൻ ഞാൻ തയ്യാറാണ്. മറ്റ് ദുരുദ്ദേശങ്ങളൊന്നുമില്ല’- എന്നാണ് സന്തോഷ് വർക്കി പറഞ്ഞത്.
ഇക്കാര്യം ഫേസ്‌ബുക്ക് കുറിപ്പിലൂടെയും സന്തോഷ് വർക്കി വ്യക്തമാക്കിയിട്ടുണ്ട്. ‘ഞാൻ ഡോ എലിസബത്ത് ഉദയനെ കാമത്തോടെ അല്ല കാണുന്നത്. ആരും തെറ്റിദ്ധരിക്കരുത്. ഞാനും ഒസിഡി മരുന്ന് കഴിക്കുന്ന ആളാണ്. അവരും ഡിപ്രഷൻ മരുന്ന് കഴിക്കുന്ന ആളാണ്. ഞാൻ എഞ്ചിനീയർ ആണ്. ഇപ്പോൾ പിഎച്ച്‌ഡി ചെയുന്നു. അവർ ഡോക്ടർ ആണ്. എന്റെ ഫാമിലി അക്കാഡമിക് ഓറിയന്റഡ് ആണ്. അവരുടെ ഫാമിലി അക്കാഡമിക് ഓറിയന്റഡ് ആണ്. നല്ല ഉദ്ദേശത്തോടെയാണ് ഇത് പറയുന്നത്’- എന്നാണ് സന്തോഷ് വർക്കി ഫേസ്‌ബുക്കിൽ കുറിച്ചത്.