ബാങ്ക് ബാലൻസ് വട്ടപൂജ്യം, കുട്ടികളെ ആശുപത്രിയിൽ കൊണ്ടു പോകാൻ കാശില്ലാത്ത അവസ്ഥ വന്നു: അപ്പാനി ശരത്ത്

മലയാള ചലച്ചിത്രവേദിയിലെ ശ്രദ്ധേയനായ ഒരു നടനാണ് അപ്പാനി ശരത്ത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ആദ്യ സിനിമയിലെ അപ്പാനി രവി എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയതുകൊണ്ടാണ് താരത്തെ അപ്പാനി ശരത്ത് എന്ന് വിളിക്കുന്നത്. ഇപ്പോഴിതാ സിനിമകളിൽ നിന്നും തിരിച്ചടി നേരിട്ട കാലത്തെ കുറിച്ച് ഓർത്തെടുക്കുകയാണ് ശരത്ത്.

ആഗ്രഹിച്ചു വാങ്ങിയ വാഹനം വിറ്റ നാളുകളെ കുറിച്ചും കുഞ്ഞുങ്ങളെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കഴിയാതെ വിഷമിച്ച സമയത്തെ കുറിച്ചുമൊക്കെയാണ് അപ്പാനി ശരത്ത് സംസാരിക്കുന്നത്. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അപ്പാനി ശരത്തിന്റെ പ്രതികരണം. തന്റെ പ്രതിസന്ധി ഘട്ടത്തിലും ആരേയും ഒന്നും അറിയിച്ചിട്ടില്ലെന്ന് ശരത്ത് പറയുന്നു.

ആഗ്രഹിച്ചു വാങ്ങിയ കാർ വിൽക്കേണ്ടി വന്നതിനെക്കാൾ തന്നെ വിഷമിപ്പിച്ചത് ആ കാറിൽ കയറി യാത്ര ചെയ്ത ചിലയാളുകളുടെ കുത്തുവാക്കുകളാണെന്നും ശരത്ത് പറയുന്നു. വികാരഭരിതനായാണ് അപ്പാനി ശരത്ത് ഇക്കാര്യങ്ങൾ സംസാരിക്കുന്നത്.

അപ്പാനി ശരത്തിന്റെ വാക്കുകൾ ഇങ്ങനെ ‘ഒരു സൈക്കിൾ ആഗ്രഹിച്ച സമയത്ത് അതെനിക്ക് കിട്ടിയിട്ടില്ല. ചെറുപ്പക്കാരനെന്ന നിലയിൽ ഒരു ഷൂ ആഗ്രഹിച്ച സമയത്ത് അതെനിക്ക് കിട്ടിയിട്ടില്ല. നല്ലൊരു ഭക്ഷണം കഴിക്കാൻ ആഗ്രഹിച്ചിട്ട് കിട്ടിയിട്ടില്ല. എല്ലാം കാലം തെറ്റിയാണ് എനിക്ക് കിട്ടിത്തുടങ്ങിയത്. സിനിമയിൽ എത്തിയ ശേഷം കാശൊക്കെ ആയപ്പോൾ എനിക്ക് വേണമെങ്കിൽ ആർഭാടമായി ജീവിക്കാമായിരുന്നു.

എന്നാൽ അന്നും ഇന്നും ഞാൻ അങ്ങനെ ജീവിച്ചിട്ടില്ല. അഭിനയം എനിക്ക് ഉപജീവനം കൂടിയാണ്. അതിൽ നിന്നാണ് ഞാൻ അരി വാങ്ങുന്നത്. ഒന്നോ രണ്ടോ മാസം ഷൂട്ടില്ലെങ്കിൽ വേറെ വഴിയില്ല. എല്ലാവരും എന്നെ ആശ്രയിച്ചാണ് നിൽക്കുന്നത്. അപ്പോൾ എന്റെ മുൻപിൽ ഇത് മാത്രമെയുള്ളൂ. ബാങ്ക് ബാലൻസ് ഒക്കെ വട്ടപൂജ്യമായ സമയമുണ്ട്. ആരോടും പറഞ്ഞിട്ടില്ല.

കുഞ്ഞുങ്ങളെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കാശില്ലാത്ത അവസ്ഥയിൽ സർക്കാർ ആശുപത്രിയിൽ പോയിട്ടുണ്ട്. അവിടെയൊക്കെ എന്റെ കൂടെ നിന്നത് എന്റെ ഭാര്യയാണ്. അച്ഛനേയോ അമ്മയേയോ വിളിച്ച് വിഷമം പറഞ്ഞിട്ടില്ല. പട്ടിണി കിടക്കുമ്പോഴും മറ്റുള്ളവരെ ഹാപ്പിയാക്കിയിട്ടുണ്ട്. വണ്ടിയൊക്കെ നഷ്ടപ്പെട്ടപ്പോൾ ഭയങ്കര സങ്കടമായിരുന്നു.

വണ്ടിയിൽ കയറി യാത്ര ചെയ്ത ആൾക്കാർ പോലും നമ്മളെ മാറി നിന്ന് കളിയാക്കി. പലതും നഷ്ടപ്പെട്ടിട്ടും തിരിച്ചു പിടിക്കാൻ പറ്റുമെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നു. ഇപ്പോൾ ഞാനോടിക്കുന്ന വണ്ടി ബിഎംഡബ്ല്യൂ ആണ്. അങ്ങനെ പെട്ടന്ന് ഒന്നും തോൽക്കാൻ പറ്റില്ല. എനിക്ക് ഏറ്റവും സങ്കടമായത് സിനിമയിൽ എത്തി സെറ്റായ ശേഷവും ഞാൻ പരാജയത്തിലേക്ക് പോയി എന്നതാണ്’ അപ്പാനി ശരത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *