സംവിധായകൻ ഭരതന്റെയും നടി കെപിഎസി ലളിതയുടെയും മകൻ എന്ന ലേബലിലാണ് സിദ്ധാർഥ് ഭരതൻ ശ്രദ്ധേയനാവുന്നത്. എന്നാൽ സിനിമയിൽ അഭിനയിച്ചും സംവിധാനം ചെയ്തും തന്റെ കഴിവുകൾ താരം തെളിയിച്ച് കഴിഞ്ഞു. ഏറ്റവുമൊടുവിൽ മമ്മൂട്ടി നായകനായ ഭ്രമയുഗം എന്ന സിനിമയിലാണ് സിദ്ധാർഥും അഭിനയിച്ചത്. തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുകയാണ് താരമിപ്പോൾ. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു സിദ്ധാർഥ്.
ആദ്യമായി അഭിനയിച്ച നമ്മൾ എന്ന സിനിമയ്ക്ക് ശേഷം നല്ല അവസരങ്ങൾ വന്നില്ല എന്നതാണ് സത്യം. പിന്നെ വന്ന റോളുകൾ അത്ര എക്സൈറ്റിങായി തോന്നിയതുമില്ല. ആകെക്കൂടി ആശയക്കുഴപ്പം നിറഞ്ഞ കാലമായിരുന്നു അത്. നടനെന്ന നിലയിൽ വളരാൻ, അഭിനയിച്ചാൽ മാത്രം പോരാ. നല്ല പിആർ വർക്ക് വേണം. ആളുകളെ കാണുക, സംസാരിക്കുക, നമ്മുടെ ടാലന്റ് അവരെ ബോധ്യപ്പെടുത്തുക, ബന്ധങ്ങൾ നിലനിർത്തുക. ഇതിലൊന്നും തീരെ മിടുക്കുളള ഒരാളായിരുന്നില്ല ഞാൻ.
എനിക്ക് തുടർന്ന് അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് പോലും പലർക്കും അറിയില്ലായിരുന്നു. എന്നാൽ പിന്നെ തുടങ്ങി വച്ച മേഖലയിൽ വീണ്ടും പയറ്റി നോക്കാമെന്ന് തീരുമാനിച്ചു. ചോരത്തിളപ്പുളള പ്രായമായിരുന്നു അത്. ക്രിയാത്മമായി എന്തെങ്കിലും ചെയ്യാനുളള ഫയർ ഉളളിലുണ്ട്. അങ്ങനെ സിനിമയെക്കുറിച്ച് കൂടുതൽ പഠിക്കാൻ പ്രിയൻ സാറിനൊപ്പം അസിസ്റ്റന്റായി ചേർന്നുവെന്ന് സിദ്ധാർഥ് പറയുന്നു.
സെലിബ്രിറ്റികളുടെ മകനായത് കൊണ്ട് അവരുമായി താരതമ്യം ചെയ്യുന്ന ശീലമാണ് മലയാളികൾക്കുള്ളത്. അച്ഛനും അമ്മയും ലെജൻഡുകൾ ആയത് കൊണ്ടും അവരുടെ രണ്ട് മേഖലയിലും താൻ കൈവച്ച സ്ഥിതിയ്ക്കും ഇരട്ട അറ്റാക്ക് നേരിടേണ്ടി വന്നിട്ടുണ്ടോ? എന്ന ചോദ്യത്തിന് സിദ്ധാർഥ് പറയുന്നതിങ്ങനെയാണ്…
ഈ ചോദ്യത്തിൽ തന്നെ അതിനുളള ഉത്തരമുണ്ട്. അപ്പോൾ എന്തുമാത്രം കഷ്ടപ്പെട്ടാണ് ഞാൻ ഇവിടെ വരെ എത്തിയതെന്ന് ഊഹിക്കാമല്ലോ? ഈ അഭിമുഖത്തിൽ പോലും എന്നെ സംബന്ധിച്ചുളളതിനേക്കാൾ കൂടുതൽ ഞാൻ നേരിടേണ്ടി വരുന്ന ചോദ്യങ്ങൾ അച്ഛനും അമ്മയുമായി ബന്ധപ്പെട്ടുളളതാണ്.
അഭിനയിക്കുമ്പോൾ അമ്മയുമായും സംവിധാനം ചെയ്യുമ്പോൾ അച്ഛനുമായും താരതമ്യം ചെയ്യപ്പെടും. അതിനെ നമ്മളുടേതായ തലത്തിൽ മറികടക്കുക എന്ന് മാത്രമേ വഴിയുളളു. എന്നെ ഞാനായി കണ്ട് വിലയിരുത്തുക എന്നാണ് താരതമ്യം ചെയ്യുന്നവരോട് പറയാനുളളത്. പിന്നെ ഇതൊന്നും കാര്യമാക്കാതെ മുന്നോട്ട് പോയേ തീരൂ സിദ്ധാർഥ് പറയുന്നു.
മരണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട അപകടത്തെ കുറിച്ചും നടൻ മനസ് തുറന്നു. ‘2015 ലാണ് ആ അപകടം ഉണ്ടാവുന്നത്. അതിന്റെ ഭീകരത ഞാനറിയുന്നത് അതിൽ നിന്ന് പുറത്തു വന്നപ്പോഴാണ്. അതോടെ തീർന്നു പോയിരുന്നെങ്കിൽ ഇതൊന്നും ചിന്തിക്കാൻ നമ്മൾ ഉണ്ടാവുമായിരുന്നില്ല. ജീവിതത്തിന്റെ വില നമ്മളെ ബോധ്യപ്പെടുത്തുന്നത് ഇത്തരം വീഴ്ചകളാണ്.
അപകടത്തിന് ശേഷം അബോധാവസ്ഥയിലായത് കൊണ്ട് വേദന ഉൾപ്പെടെ ഒന്നും ഞാനറിഞ്ഞില്ല. എന്തോ സംഭവിച്ചുവെന്ന് മാത്രം ഓർമയുണ്ട്. വണ്ടിയിടിച്ചുവെന്ന് വ്യക്തമായി അറിയാം. പിന്നെ ഫുളളി കംഫർട്ടബിളായിരുന്നു. കാരണം ഫ്രാക്ഷൻ ഓഫ് സെക്കൻഡ്സിനുളളിൽ അബോധാവസ്ഥയിലേക്ക് പോവുകയായിരുന്നു. പിന്നീട് ബോധം തിരികെ വന്ന് പുറത്തുളളവരുമായി ആശയവിനിമയം ചെയ്യുമ്പോഴാണ് സംഭവിച്ച കാര്യങ്ങളുടെ വലിപ്പം ഞാൻ മനസിലാക്കുന്നത്.
അന്ന് എനിക്കു വേണ്ടി പ്രാർഥിച്ച സകലരെയും ഇന്നും നന്ദിയോടെയേ ഓർക്കാനേ കഴിയു. പിന്നെ ആ അപകടത്തെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ മനസിൽ വരുന്ന ഒരു വാക്കുണ്ട്. താങ്ക് ഗോഡ്… സിദ്ധാർഥ് പറയുന്നു.