പ്രിപ്പറേഷൻ ചെയ്ത് ഫലിപ്പിക്കേണ്ട റോളുകളൊന്നും തനിക്ക് ഇതുവരെ കിട്ടിയിട്ടില്ല: നടൻ ബൈജു സന്തോഷ്

പ്രിപ്പറേഷൻ ചെയ‌്ത് ഫലിപ്പിക്കേണ്ട റോളുകളൊന്നും തനിക്ക് ഇതുവരെ കിട്ടിയിട്ടില്ലെന്ന് നടൻ ബൈജു സന്തോഷ്. ചാന്തുപൊട്ട് എന്ന സിനിമയിൽ ദിലീപ് ചെയ‌്ത വേഷം അങ്ങനെയുള്ളതാണ്. അതുപോലുള്ളതൊന്നും തന്നിലേക്ക് വന്നിട്ടില്ല. അത്തരത്തിൽ ചലഞ്ചിംഗ് ആയിട്ടുള്ള കഥാപാത്രങ്ങൾ വരുമ്പോഴേ പ്രിപ്പറേഷന്റെ ആവശ്യമുള്ളൂ. അല്ലാത്തതൊക്കെ ബിഹേവ് ചെയ്യേണ്ട കാര്യമേയുള്ളൂവെന്ന് ബൈജു പറയുന്നു.

മകളുടെ വിവാഹത്തിന് താൻ വിളിച്ചിട്ട് വരാത്ത ഒരാളുടെയും മക്കളുടെ കല്യാണത്തിന് താൻ പോകില്ലെന്നും ബൈജു സരസമായി പ്രതികരിച്ചു. ”ആരോടും പരിഭവമോ പിണക്കമോ ഇല്ല. പക്ഷേ എനിക്ക് അത്രയല്ലേ ചെയ്യാൻ പറ്റൂ? ജീവിതത്തിൽ സംഭവിക്കുന്ന വിവാദങ്ങളൊന്നും മനപൂർവം ഉണ്ടാക്കുന്നതല്ല. അതൊക്കെ സംഭവിച്ചു പോകുന്നതാണ്. വിധിയാണ്. സംഭവിച്ചിരിക്കും. വരേണ്ടതൊക്കെ വരും. ”

യംഗ് ജനറേഷനെ പറ്റി എന്താണ് അഭിപ്രായമെന്നുള്ള ചോദ്യത്തിന് ബൈജുവിന്റെ മറുപടി ഇങ്ങനെയായിരുന്നു. ”വേറെ അഭിപ്രായമൊന്നുമില്ല, ഇവന്മാർക്കൊന്നും രാത്രി ഉറക്കമില്ല. പൊതുവേ ലേസിയാണ്. ഇൻസ്‌റ്റഗ്രാം, വാട്‌സാപ്പ് എന്നിവയില്ലാത്ത ജീവിതം ന്യൂജനറേഷനില്ല. അതിലാണ് അവരുടെ മുഴുവൻ കാര്യങ്ങളുമുള്ളത്.

വരുൺ ജി പണിക്കരുടെ ‘ഞാൻ കണ്ടതാ സാറേ’ ആണ് ബൈജുവിന്റെ പുതിയ ചിത്രം. ഇന്ദ്രജിത്ത് നായകനായ ഈ ചിത്രത്തിൽ മെറീനാ മൈക്കിളാണ് നായിക. അനൂപ് മേനോൻ, സുധീർ കരമന അലൻസിയർ, സാബുമോൻ, സമ്പത്ത് റാം, ജിബിൻ ഗോപിനാഥ്, ധന്വന്തരി, ബാലാജി ശർമ്മ, സൂര്യാ രജേഷ്, മല്ലികാ സുകുമാരൻ, എന്നിവരും പ്രധാന താരങ്ങളാണ്. രചന അരുൺ കരിമുട്ടം. സംഗീതം രാഹുൽ രാജ്. ഛായാഗ്രഹണം പ്രശാന്ത് കൃഷ്ണ. എഡിറ്റിംഗ് എം.എസ്. അയ്യപ്പൻ നായർ.

Leave a Reply

Your email address will not be published. Required fields are marked *