പെൺവേഷം കെട്ടിയപ്പോഴാണ് മറ്റുള്ളവരുടെ നോട്ടം സ്ത്രീകളെ എത്രമാത്രം ബുദ്ധിമുട്ടിക്കുന്നുവെന്ന് മനസിലാക്കിയത്: ഉണ്ണി മുകുന്ദൻ

യുവാക്കളുടെ മസിൽമാൻ ഉണ്ണിയുടെ സിനിമാജീവിതവും ഒരു സിനിമാക്കഥ പോലെതന്നെയാണ്. ജീവിതത്തെ പോസിറ്റീവായി കാണുന്ന യുവനായകൻ. കഥാപാത്രത്തിനു വേണ്ടി എന്തും ചെയ്യാൻ, എത്ര കഷ്ടതകൾ സഹിക്കാനും തയാറാവുന്ന വ്യക്തിയാണ് ഉണ്ണി മുകുന്ദൻ. നേരത്തെ ഒരു സിനിമയ്ക്കു വേണ്ടി പെൺവേഷം കെട്ടിയപ്പോൾ ഉണ്ടായ അനുഭവങ്ങൾ ഉണ്ണി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

പെൺവേഷം വലിയ എക്സ്പീരിയൻസായിരുന്നു. പെൺവേഷം കെട്ടിയതിനു ശേഷമാണ് മറ്റുള്ളവരുടെ നോട്ടം സ്ത്രീകളെ എത്രമാത്രം ബുദ്ധിമുട്ടിലാക്കുന്നു എന്ന കാര്യം മനസിലായത്. വളരെയധികം ബുദ്ധിമുട്ട് സഹിച്ചാണ് പെൺവേഷം കെട്ടിയത്. പുലർച്ച നാലുമണിക്കു തുടങ്ങും മേക്കപ്പ്. പുരികം ത്രെഡ് ചെയ്യുമ്പോഴത്തെ വേദന സഹിക്കാവുന്നതിലും അധികമായിരുന്നു. കരഞ്ഞുപോയി. എനിക്കു പുരികം ത്രെഡ് ചെയ്തതുതന്നെ വലിയ സംഭവമായി. പെൺവേഷത്തിലുള്ള ഫോട്ടോ കാണുമ്പോൾ എനിക്ക് ഓർമ വരുന്നത് നൂൽ വച്ച് അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ പിടിച്ചു വലിക്കുന്നതാണ്. മറ്റൊരു കാര്യം അതിൽ ഇത്തിരി ബുദ്ധിമുട്ടായത് നഖം വച്ച് നെയിൽ പോളിഷ് ഇട്ടപ്പോഴായിരുന്നു. അപ്പോഴൊക്കെ ഞാൻ ആലോചിച്ചത് എങ്ങനെയാണ് ഈ സ്ത്രീകൾ ഇതൊക്കെ ചെയ്യുന്നത് എന്നാണ്.

പെണ്ണായി മാറുമ്പോൾ വെല്ലുവിളികൾ ഒന്നും ഉണ്ടായിട്ടില്ല. കാരണം അമ്മ, ചേച്ചി ഇവരെയൊക്കെ കണ്ടാണ് വളർന്നിട്ടുള്ളത്. പക്ഷേ, കുറച്ച് മോഡേണും സെക്സിയായിട്ടുമാണ് ചിത്രത്തിലുള്ളത്. ഫോട്ടോ കാണുമ്പോൾ ആളുകൾ എങ്ങനെ പ്രതികരിക്കുമെന്ന് ടെൻഷനുണ്ടായിരുന്നു. ഞങ്ങളുടെ ആർട്ട് മേക്കർ എന്റെ മുന്നിൽകൂടി പോയപ്പോൾ വേറെ ആരോ ആണെന്നാണ് കരുതിയത്. ലിഫ്റ്റിൽ കയറാൻ സമയത്തും ‘സോറി മാം ‘ എന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ കുറച്ച് യുവാക്കൾ കുറേ ഫോട്ടോയൊക്കെ എടുത്തിരുന്നു. അവർക്ക് അറിയാം ഉണ്ണിയാണ് പെൺവേഷത്തിലെന്ന്. സെക്സിയായിട്ടാണു സാരിയുടുത്തത്. അവരുടെ കണ്ണ് ഇടയ്ക്കിടെ താഴോട്ട് പോകുന്നുണ്ടായിരുന്നു. അപ്പോൾ അവർ പറയുന്നുണ്ടായിരുന്നു ‘ചേട്ടാ ഒന്നും വിചാരിക്കരുത് അറിയാതെ നോക്കി പോകുന്നതാണ്’ എന്ന്. അങ്ങനെ രസകരമായ പല സംഭവങ്ങളും ഉണ്ടായതായും ഉണ്ണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *