പൃഥ്വിരാജിന്റെ പുതിയ ചിത്രം ‘നോബഡി’യുടെ പൂജ കൊച്ചിയിൽ നടന്നു

മമ്മൂട്ടിയുടെ റോഷാക്ക് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി സംവിധാനം ചെയ്യുന്ന നോബഡിയുടെ പൂജ ചടങ്ങ് എറണാകുളത്ത് പിക്ക്‌ചേഴ്‌സ്ഖ് വെല്ലിംഗ്ടൺ ഐലൻഡിൽ വെച്ച് നടന്നു. എന്ന് നിന്റെ മൊയ്ദീൻ എന്ന പ്രേക്ഷകപ്രീതി നേടിയ ചിത്രത്തിന് ശേഷം പാർവതി തിരുവോത്ത് വീണ്ടും പൃഥ്വിരാജിന്റെ നായികയാകുകയാണ് നോബഡിയിലൂടെ എന്നത് ശ്രദ്ധേയമാണ്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ഇ-ഫോർ എക്സ്പീരിമെന്റ്സിന്റെ ബാനറിൽ മുകേഷ് മെഹ്ത്തയും, സി വി സാരഥിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിനും പാർവതിക്കുമൊപ്പം ഹക്കീം ഷാ, അശോകൻ, മധുപാൽ, ലുക്ക്മാൻ അവറാൻ, ഗണപതി, വിനയ് ഫോർട്ട് തുടങ്ങിയവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നോബഡി ഉറപ്പായും ഒരു സിനിമാറ്റിക്ക് എക്സ്പീരിയൻസ് തന്നെയാവുമെന്നും ആഴമേറിയ വികാരനിർഭര നിമിഷങ്ങളും മികച്ച അഭിനയ മുഹൂർത്തങ്ങളും നിറഞ്ഞൊരു ചിത്രമാകും എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. സംവിധായകൻ നിസാം ബഷീർ പറയുന്നത് ചിത്രത്തിന് പലതരം ജോണറുകൾ കൂടി ചേർന്ന ഒരു സ്വഭാവം ഉണ്ടെന്നാണ്.

ആനിമൽ എന്ന ബോളിവുഡ് ചിത്രത്തിന് സംഗീതം ചെയ്ത ഹർഷവർധൻ രാമേശ്വർ ആണ് നോബഡിക്ക് ഗാനങ്ങളൊരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ദിനേശ് പുരുഷോത്തമൻ ആണ്. കെട്ട്യോളാണെന്റെ മാലാഖ, റോഷാക്ക് എന്നീ ചിത്രങ്ങളുടെ വിജയം നോബഡിയിലൂടെയും നിസാം ബഷീർ ആവർത്തിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *