പുഷ്പ 2വിൻറെ കോൺസപ്റ്റ് വീഡിയോ പുറത്ത്

അല്ലു അർജുൻറെ ജന്മദിനത്തിൽ കോൺസപ്റ്റ് വീഡിയോ പുറത്തുവിട്ടുകൊണ്ട് ‘പുഷ്പ 2: ദ റൂൾ’ അനൗൺസ്‌മെൻറ് നടത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘പുഷ്പ എവിടെ?’ എന്ന ടൈറ്റിലോടുകൂടിയുള്ള വീഡിയോ പുറത്തിറങ്ങിയതോടെ പുഷ്പയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷ വാനോളമുയർന്നിരിക്കുകയാണ്.

തിരുപ്പതി ജയിലിൽ നിന്നും വെടിയേറ്റ മുറിവുകളുമായി രക്ഷപ്പെട്ട പുഷ്പ എവിടെയാണെന്ന് വീഡിയോയിൽ ചോദിക്കുന്നു.തുടർന്നുള്ള ചോദ്യങ്ങളും പുഷ്പ എവിടെയെന്നാണ്. എട്ട് തവണ വെടിയേറ്റ ആൾ ഒരിക്കലും അത്രയും പരിക്കുകളോടെ രക്ഷപ്പെടാൻ സാധ്യതയില്ലെന്നായിരുന്നു അധികൃതരുടെ വിലയിരുത്തൽ. പുഷ്പ മരിച്ചെന്നും ചിലർ പറയുന്നു. ഇതിനിടയിൽ പുഷ്പ പ്രത്യക്ഷപ്പെടുകയാണ്. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ വീഡിയോ ചുരുങ്ങിയ സമയം കൊണ്ടു തന്നെ യുട്യൂബ് ട്രൻഡിംഗിൽ ഒന്നാമതെത്തിയിരിക്കുകയാണ്.

അല്ലുവിൻറെ 41-ാം പിറന്നാളിനോട് അനുബന്ധിച്ച് പുഷ്പയുടെ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. സാരിയും ആഭരണങ്ങളും ധരിച്ച് സ്ത്രീ വേഷത്തിൽ നിൽക്കുന്ന അല്ലു അർജുൻറെ ചിത്രമാണ് പോസ്റ്ററിലുള്ളത്. രശ്മിക മന്ദാന, അനസൂയ ഭരദ്വാദ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്തിടെ വിശാഖപട്ടണത്ത് പുഷ്പ 2വിൻറെ ഒരു ഷെഡ്യൂൾ അല്ലു അർജുൻ പൂർത്തിയാക്കിയിരുന്നു. ഗാനരംഗമാണ് ഇവിടെ ചിത്രീകരിച്ചത്. അല്ലുവും ഫഹദും നേർക്കുനേർ വരുന്ന മുഹൂർത്തങ്ങളാണ് പുഷ്പ 2വിൻറെ ഹൈലൈറ്റ്. കഴിഞ്ഞ വർഷം ഡിസംബർ 29നാണ് ചിത്രം റിലീസ് ചെയ്തത്. തെലുങ്ക്,തമിഴ്,ഹിന്ദി,കന്നഡ,മലയാളം ഭാഷകളിലാണ് പുഷ്പ പുറത്തിറങ്ങിയത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു എത്തിയത്. സുകുമാറാണ് സംവിധാനം.

Leave a Reply

Your email address will not be published. Required fields are marked *