നൈസയുടെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് കജോള്‍ പറഞ്ഞത്

ബോളിവുഡ് താരദമ്പതികളായ അജയ് ദേവഗണിന്റെയും കജോളിന്റെയും മകള്‍ നൈസയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റത്തെക്കുറിച്ചു മുമ്പും നിരവധി വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതെല്ലാം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. നൈസയുടെ വരവ് ആഘോഷമാക്കാന്‍ ബോളിവുഡും ആരാധകരും തയാറായിക്കഴിഞ്ഞു. പക്ഷേ, നൈസയുടെ വരവ് എന്നാണെന്നോ, ഏതു സംവിധായകന്റെ ചിത്രത്തിലൂടെയാണെന്നോ ഇതുവരെ വ്യക്തമല്ല.

അടുത്തിടെ, കജോളിന്റെ പുതിയ ചിത്രമായ സലാം വെങ്കിയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു നടന്ന ഇന്റര്‍വ്യൂവില്‍ നൈസയുടെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ചു ചോദിച്ചിരുന്നു. താരപുത്രിമാരായ സുഹാന ഖാന്‍, അഗസ്ത്യ നന്ദ, ഖുഷി കപൂര്‍ എന്നിവരുടെ ആദ്യ ചിത്രം അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന സഹചര്യത്തിലാണ് നൈസയുടെ ചലച്ചിത്ര പ്രവേശത്തെക്കുറിച്ചു ചോദ്യമുയര്‍ന്നത്. അഭിനയരംഗത്തേക്കുള്ള നൈസയുടെ വരവിനെക്കുറിച്ച് ഇപ്പോള്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നായിരുന്നു കജോള്‍ നല്‍കിയ മറുപടി. അവളിപ്പോള്‍ പഠിക്കുകയാണ്, കോളജ് ജീവിതം ആസ്വദിക്കട്ടെയെന്നും കജോള്‍ പറഞ്ഞു.

നടി രേവതിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സലാം വെങ്കി ഡിസംബര്‍ ഒമ്പതിന് പ്രദര്‍ശനത്തിനെത്തുകയാണ്. ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമാണ് സലാം വെങ്കി. അപൂര്‍വ രോഗം ബാധിച്ചു മരിച്ച കൊളവെണ്ണ് വെങ്കിടേഷ് എന്ന കുട്ടിയുടെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതില്‍ കുട്ടിയുടെ അമ്മ വേഷമാണ് കജോള്‍ കൈകാര്യം ചെയ്യുന്നത്. കജോളിന്റെ കരിയറിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നായിരിക്കും സലാം വെങ്കിയിലെ അമ്മ വേഷം.

Leave a Reply

Your email address will not be published. Required fields are marked *