നീ ഇത് ചെയ്യണം എന്ന് അച്ഛനുൾപ്പെടെ പറഞ്ഞു; ജയലളിതയുടെ ബയോപിക്കിനെക്കുറിച്ച് നിത്യ

മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിത്യ മേനോന് ആരാധകരുണ്ട്. ഒരു ഭാഷയിലും സജീവമായി നിത്യ സിനിമ ചെയ്യാറില്ല. കുറച്ച് സിനിമകൾ കഴിഞ്ഞ് ഇടവേളയെടുക്കുന്നതാണ് നിത്യയുടെ രീതി. കരിയറിൽ വലിയ ഉയർച്ചയുണ്ടായ സമയമായിരുന്നു ഓകെ കൺമണി ഉൾപ്പെടെയുള്ള സിനിമകൾ പുറത്തിറങ്ങിയ വർഷങ്ങൾ. എന്നാൽ അന്നും കുറച്ച് നാൾ നടി കരിയറിൽ നിന്നും മാറി നിന്നു. കരിയറിൽ നിത്യക്ക് നഷ്ടപ്പെട്ട റോളുകളുണ്ട്. കീർത്തി സുരേഷ് നായികയായ മഹാനടി എന്ന സിനിമയിലേക്ക് ആദ്യം പരി​ഗണിച്ചത് നിത്യയെയായിരുന്നു. എന്നാൽ പിന്നീട് ഈ റോൾ കീർത്തിയിലേക്ക് എത്തി. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക്കിൽ നിത്യ നായികയായെത്തുമെന്ന് ഒരിക്കൽ റിപ്പോർട്ട് വന്നിരുന്നു. എന്നാൽ പിന്നീട് ഈ സിനിമ നടന്നില്ല. ഇതേക്കുറിച്ച് സംസാരിക്കുകയാണ് നിത്യ മേനോനിപ്പോൾ.

അതേക്കുറിച്ച് ചർച്ച നടന്നിരുന്നു. പക്ഷെ പിന്നീട് ഹിന്ദിയിൽ സിനിമ വന്നു. ഹിന്ദിയിൽ വന്നതിനാൽ വീണ്ടും ഒരു സിനിമ ചെയ്യുന്നത് ആവർത്തനമാകുമെന്നതിനാൽ താൻ പിന്മാറുകയായിരുന്നെന്ന് നിത്യ പറയുന്നു. എന്നാലും നീ ഇത് ചെയ്യണം എന്ന് അച്ഛനുൾപ്പെടെ പറയും. ആ സിനിമയെല്ലാം പോയി. നീ ചെയ്യൂ, നീ ചെയ്താൽ നന്നാകുമെന്ന് പറഞ്ഞു. ശരിയാണ്, ചെയ്യണം എന്ന് തോന്നും. പക്ഷെ ജയലളിതയെക്കുറിച്ച് സിനിമയും സീരീസുമെല്ലാം വന്നതിനാൽ ചെയ്യാൻ മടിയുണ്ടെന്നും നിത്യ മേനോൻ വ്യക്തമാക്കി. ജലളിതയുടെ ജീവിത കഥയായിരുന്നു കങ്കണ റണൗത്ത് നായികയായി എത്തിയ തലൈവി എന്ന സിനിമ. ഈ സിനിമ പ്രഖ്യാപിച്ചതോടെയാണ് നിത്യ ജയലളിതയുടെ മറ്റൊരു ബയോപിക്കിൽ അഭിനയിക്കേണ്ടെന്ന് തീരുമാനമെടുത്തത്. എഎൽ വിജയ് സംവിധാനം ചെയ്ത തലൈവിക്ക് പക്ഷെ സമ്മിശ്രപ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. സിനിമ വികടനുമായുള്ള അഭിമുഖത്തിലാണ് നിത്യ മേനോൻ ജയലളിതയുടെ ബയോപിക്കിനെക്കുറിച്ച് സംസാരിച്ചത്. 

Leave a Reply

Your email address will not be published. Required fields are marked *