നിങ്ങള്‍ സാഹസികത ഇഷ്ടപ്പെടുന്നുണ്ടോ? എങ്കില്‍ സ്വാഗതം !

രാജ്യത്തു ശൈത്യകാലം ആരംഭിച്ചുകഴിഞ്ഞു. ശീതകാലം സാഹസികയാത്ര ഇഷ്ടപ്പെടുന്നവരുടെ കാലം കൂടിയാണ്. സഞ്ചാരികളെ ആകര്‍ഷിക്കുന്ന മഞ്ഞുമൂടിക്കിടക്കുന്ന മലനിരകള്‍. മലകള്‍ കയറാനും താമസിക്കാനും ആരും കൊതിച്ചുപോകും. ആ അനുഭവം ഒന്നുവേറെതന്നെ! ട്രക്കിങ്ങിനു പോകാന്‍ പലരും തയാറെടുക്കുന്ന കാലമാണിത്. പാക്കേജുകളുമായി ടൂര്‍ കമ്പനികളും രംഗത്തുണ്ട്. ട്രക്കിങ്ങിനു പോകാന്‍ താത്പര്യള്ളമുള്ളവര്‍ക്ക് രാജ്യത്തെ അഞ്ചു സ്ഥലങ്ങള്‍ പരിചയപ്പെടാം.

1. ദോഡിതല്‍

ഐതിഹ്യങ്ങളിലും പുരാണങ്ങളിലും പരാമര്‍ശിക്കപ്പെടുന്ന സ്ഥലമാണ് ദോഡിതല്‍. ദോഡിതല്‍ ഗണപതിയുടെ ജന്മസ്ഥലമാണെന്നാണു വിശ്വാസം. മഞ്ഞുകാലത്തു മാത്രമല്ല, അല്ലാത്ത സമയത്തും ദോഡിതല്‍ മനോഹരമാണെന്ന് സഞ്ചാരികള്‍ പറയുന്നു. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലം ദോഡിതലില്‍ ട്രക്കിങ് കാലമാണ്. ഇക്കാലത്തെ ദോഡിതലിന്റെ സൗന്ദര്യം വാക്കുകള്‍ക്ക് അതീതമാണെന്ന് സഞ്ചാരികള്‍ സാക്ഷ്യപ്പെടുത്തുന്നു.

2. ട്രിയുണ്ട്

ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്ര ജില്ലയിലാണ് ട്രിയുണ്ട്. ഇവിടത്തെ ശൈത്യകാലം സഞ്ചാരികള്‍ക്കു പ്രിയപ്പെട്ടതാണ്. ഹിമാലയന്‍ മലനിരകളുടെ സൗന്ദര്യം ആസ്വദിച്ച് ട്രക്കിങ് നടത്താം. ഹിമാചലിലേക്കു വരുന്ന സഞ്ചാരികള്‍ക്കു പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട് സര്‍ക്കാര്‍/ സ്വകാര്യമേഖലകള്‍. രണ്ടു ദിവസം കൊണ്ട് ഇവിടത്തെ ട്രക്കിങ് പൂര്‍ത്തിയാക്കാം. താഴ് വാരമേഖലയായ കാന്‍ഗ്രയുടെയും ധൗലാധര്‍ റേഞ്ചിന്റെയും കാഴ്ചകള്‍ ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്കായി ഇവിടെ നൈറ്റ് ക്യാംപുകള്‍ ലഭ്യമാണ്.

3. നാഗ് ടിബ്ബ

രാജ്യത്തെ മികച്ച ശൈത്യകാല ട്രക്കിങ്ങുകളില്‍ ഒന്നാണ് നാഗ് ടിബ്ബ. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 9,924 അടി ഉയരത്തിലാണ് നാഗ് ടിബ്ബ സ്ഥിതി ചെയ്യുന്നത്. സാഹസികര്‍ ഏറെ ഇഷ്ടപ്പെടുന്ന പ്രദേശമെന്ന പ്രത്യേകതയും നാഗ ടിബ്ബയ്ക്കുണ്ട്.

4. സന്ദക്ഫു

ശൈത്യകാല ട്രക്കിങ്ങിനു സഞ്ചാരികള്‍ ഇഷ്ടപ്പെടുന്ന മറ്റൊരു പ്രധാനപ്പെട്ട സ്ഥലമാണ് പശ്ചിമ ബംഗാളിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ സന്ദക്ഫു. ‘ട്രെക്കേഴ്‌സ് വണ്ടര്‍ലാന്‍ഡ്’ എന്ന് അറിയപ്പെടുന്ന സന്ദക്ഫുവില്‍നിന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എവറസ്റ്റ്, കാഞ്ചന്‍ജംഗ, ലോത്സെ, മകാലു എന്നീ പര്‍വതങ്ങളുടെ മനോഹരമായ കാഴ്ചകള്‍ കാണാം. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലാണ് സന്ദക്ഫു. കാലാപോഖാരി അല്ലെങ്കില്‍ കാലാ താലാബ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട സ്ഥലമാണ്. ബുദ്ധമതക്കാര്‍ ഈ ജലത്തെ പവിത്രമായി കാണുന്നു.

5. ചാദര്‍

ലോകത്തിലെ ഏറ്റവും കഠിനമായ ട്രക്കിങ് സ്ഥലങ്ങളിലൊന്നാണ് ഹിമാലയത്തിലെ ചാദര്‍. ലഡാക്കിലാണ് ചാദര്‍ സ്ഥിതി ചെയ്യുന്നത്. ബുദ്ധിമുട്ടുള്ളതും സാഹസികവുമായ ഇവിടെത്തെ യാത്ര പ്രാദേശിക, അന്തര്‍ദേശീയ സഞ്ചാരികള്‍ ഏറെ ഇഷ്ടപ്പെടുന്നു. സിന്ധു നദിയുടെ പോഷകനദിയായ സന്‍സ്‌കര്‍ നദിക്ക് മുകളിലൂടെയാണ് യാത്ര എന്നതും ഏറെ രസകരമണ്.

Leave a Reply

Your email address will not be published. Required fields are marked *