‘നാലു കുപ്പി അച്ചാറുമായി ഒറ്റപ്പാലത്തു നിന്ന് ചെന്നൈയിലെത്തി, ആ യാത്ര വഴിത്തിരിവായി’ : ലാല്‍ ജോസ്

മലയാളത്തിന്റെ പ്രിയ സംവിധായകനാണ് ലാല്‍ ജോസ്. വ്യത്യസ്തമായ ശൈലിയിലൂടെ, വിഷയവൈവിധ്യങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ചലച്ചിത്രകാരന്‍. മഹാവിജയങ്ങളും പരാജയങ്ങളുമൊക്കെ ചേര്‍ന്നതാണ് ലാല്‍ ജോസ് എന്ന സംവിധായകന്റെ കരിയര്‍. അടുത്തിടെ ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ ചെന്നൈയിലെത്തിയ നാളുകളെക്കുറിച്ചു അദ്ദേഹം പറഞ്ഞിരുന്നു. ആദ്യകാലങ്ങളില്‍ അനുഭവിച്ച പ്രയാസങ്ങളും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. 

സുഹൃത്തുക്കള്‍ എന്നും എനിക്ക് പ്രിയപ്പെട്ടവരാണ്. ആരുടെയും പേരെടുത്തു പറയുന്നില്ല. അവരുടെ സ്‌നേഹവും സഹായങ്ങളുമാണ് എന്നെ ഇവിടെ എത്തിച്ചത്. ഒറ്റപ്പാലത്തു നിന്ന് നാലു കുപ്പി അച്ചാറുമായി മാനുവല്‍ കളര്‍ പ്രോസസിങ് പഠിക്കാന്‍ ചെന്നൈയിലേക്കു വണ്ടി കയറിയ എനിക്ക് സുഹൃത്തുക്കളുടെ സഹായത്തോടെ സിനിമയില്‍ വരാന്‍ കഴിഞ്ഞു. സിനിമയില്‍ ഇപ്പോഴും സജീവമായി നില്‍ക്കുന്നതും സുഹൃത്തുക്കളുടെ സഹായം കൊണ്ടാണ്.

പ്രൊഡ്യൂസര്‍, ഡിസ്ട്രിബ്യൂട്ടര്‍, ആക്ടര്‍ എന്നിങ്ങനെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും എന്നും സംവിധായകന്‍ മാത്രമായിരിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. അതാണ് എന്റെ ജോലിയെന്ന് ഞാന്‍ വിശ്വസിക്കുന്നു. നടനല്ല ഞാന്‍, മോഹം കൊണ്ട് അഭിനയിക്കുന്നതല്ലേ. നിത്യ അഭ്യാസി ആനയെ എടുക്കും എന്നു പറയുന്നതുപോലെ വര്‍ഷങ്ങളുടെ പരിചയം കൊണ്ടുള്ള അഭിനയമല്ലേ. പുതിയ കഥകള്‍ക്ക് വേണ്ടിയുള്ള അന്വേഷണമാണ് പുതിയ തിരക്കഥാകൃത്തുകളിലേക്ക് എന്നെ എത്തിക്കുന്നത്. രഞ്ജന്‍ പ്രമോദ്, ബെന്നി പി. നായരമ്പലം, സിന്ധുരാജ്, ജെയിംസ് ആല്‍ബര്‍ട്ട്, മുരളി ഗോപി, റെജി നായര്‍, വേണുഗോപാല്‍ തുടങ്ങിയവരിലേക്ക് അങ്ങനെയാണ് എത്തിച്ചേര്‍ന്നത്. ഒരുപാട് കഥകള്‍ കേള്‍ക്കുന്ന ആളാണ് ഞാന്‍.

Leave a Reply

Your email address will not be published. Required fields are marked *