ജഗതി ശ്രീകുമാർ പ്രൊഫ.അമ്പിളിയായി ഞെട്ടിക്കുമെന്ന സൂചന നൽകി ‘വല’ ഫസ്റ്റ് സ്പെഷ്യൽ വിഡിയോ പുറത്ത്. വാഹനാപകടത്തിൽ ഗുരതരമായ പരിക്കേറ്റതിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്ന നടൻ ജഗതി ശ്രീകുമാറിന്റെ സാന്നിധ്യമാണ് ഈ വിഡിയോയുടെ ഹൈലൈറ്റ്. ‘ഗഗനചാരി’ക്ക് ശേഷം അരുൺ ചന്തു ഒരുക്കുന്ന ചിത്രത്തിലൂടെ അതിഗംഭീര തിരിച്ചുവരവിനാണ് ജഗതി ഒരുങ്ങുന്നതെന്നാണ് വിഡിയോയിൽ വ്യക്തമാകുന്നത്.
പ്രൊഫസർ അമ്പിളി അഥവാ അങ്കിൾ ലൂണാർ എന്ന കഥാപാത്രമായാണ് നടൻ സിനിമയിലെത്തുന്നത്.ഫൺടാസ്റ്റിക്ക് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്. സയൻസ് ഫിക്ഷനും കോമഡിയും ചേർത്ത് ഒരു ഗംഭീര ചിത്രമാകും ഇത് എന്ന് ഉറപ്പ് നൽകുന്നുണ്ട് വിഡിയോ. ജഗതിക്കൊപ്പം ഗോകുൽ സുരേഷ്, ബേസിൽ ജോസഫ്, അനാർക്കലി, അജു വർഗീസ്, കെ ബി ഗണേഷ് കുമാർ, വിനീത് ശ്രീനിവാസൻ, മാധവ് സുരേഷ് തുടങ്ങിയവരുടെയും രസകരമായ പ്രകടനങ്ങൾ വിഡിയോയിൽ കാണാം.
‘നമ്മുടെ അറിവ് പരിമിതമാണ്. നമുക്കറിയാത്തത് അനന്തവും. അറിവിന്റെ കാര്യത്തിൽ ഇന്ന് നാം നിൽക്കുന്നത് ഒരു ചെറുദ്വീപിലാണ്. അതിനുചുറ്റും അനന്തമായ ഒരു സമുദ്രമുണ്ട്. ഇനി വരുന്ന ഓരോ തലമുറയുടേയും കടമ ഈ ദ്വീപിലേക്ക് കൂടുതൽ കരയെ ചേർക്കുകയും അതുവഴി നമ്മുടെ അറിവിനെ അതിന്റെ പൂർണ്ണതയിലേക്ക് നയിക്കുകയും ചെയ്യുക എന്നതുമാണ്’, എന്ന പ്രൊഫ. അമ്പിളിയുടെ ഡയലോഗുമായാണ് വിഡിയോ ആരംഭിക്കുന്നത്. വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ചശാസ്ത്രജ്ഞനുമായ സ്റ്റീഫൻ ഹോക്കിംഗിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ചക്രകസേരയിലിരിക്കുന്ന രീതിയിലാണ് വിഡിയോയിൽ അദ്ദേഹത്തെ കാണിച്ചിരിക്കുന്നത്.
നേരത്തെ വലയിലെ ജഗതി ശ്രീകുമാറിന്റെ കാരക്ടർ പോസ്റ്റർ പുറത്തുവിട്ടപ്പോൾ, അതും ഏറെ ശ്രദ്ധ നേടിയിരുന്നു. ജഗതി ശ്രീകുമാറിന്റെ 73-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പോസ്റ്റർ പുറത്തുവിട്ടത്.
ടർട്ടിൽ വൈൻ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാണം ലെറ്റേഴ്‌സ് എന്റർടെയ്ൻമെന്റ്സാണ്. ടെയ്‌ലർ ഡർഡനും അരുൺ ചിന്തുവും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. പ്രൊമോ സിനിമാറ്റോഗ്രഫി ഗുരുപ്രസാദ് എം.ജി, സുർജിത് എസ് പൈ, എഡിറ്റിംഗ് സി.ജെ അച്ചു, സംഗീതം ശങ്കർ ശർമ്മ, ആർട്ട് റെനീഷ് റെഗി, ക്രിയേറ്റീവ് ഡയറക്ടർ വിനീഷ് നകുൽ, വിഎഫ്എക്സ് മേരാക്കി, പ്രൊമോ ചീഫ് അസോസിയേറ്റ് ഡയറക്ടർ നിഥിൻ മൈക്കിൾ, പ്രൊമോ പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂർ, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യും ബുസി ബേബി ജോൺ, സൗണ്ട് ഡിസൈൻ ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, ഫൈനൽ മിക്സ് വിഷ്ണു സുജാതൻ, സ്റ്റിൽ ഫോട്ടോഗ്രഫി രാകേഷ് ആനന്ദ്, വിഷ്വൽ പ്രൊമോഷൻസ് സ്നേക്ക്പ്ലാന്റ്, ഡയറക്ടേഴ്സ് ടീം അരുൺ ലാൽ, ശ്രീഹരി, അജയ് കൃഷ്ണൻ വിജയൻ, പിആർഒ ആതിര ദിൽജിത്ത്.