ദാരിദ്ര്യം അല്ല…, എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്: ജഗദീഷ്

ജഗദീഷിന് ആമുഖം ആവശ്യമില്ല. മലയാളക്കരയാകെ പൊട്ടിച്ചിരിപ്പിച്ച ഹാസ്യസാമ്രാട്ട്. ഹാസ്യതാരമായും നായകനായും തിളങ്ങിയ ജഗദീഷ് ഇപ്പോൾ കാരക്ടർ റോളുകൾ ഭംഗിയായി കൈകാര്യം ചെയ്യുന്നു. അടുത്തിടെ തന്റെ കുട്ടിക്കാലത്തെക്കുറിച്ചും താൻ അനുഭവിച്ച പ്രയാസങ്ങളെക്കുറിച്ചും താരം പറഞ്ഞത് എല്ലാവരും ഏറ്റെടുത്തു. കുടുംബന്ധങ്ങളുടെ ഐക്യവും ഉറപ്പും ആ വാക്കുകളിലുണ്ടായിരുന്നു.

അച്ഛൻ പരമേശ്വരൻ നായർ ഹൈസ്‌കൂൾ ഹെഡ്മാസ്റ്ററായിരുന്നു. വിതുര, അട്ടക്കുളങ്ങര തുടങ്ങി ഒട്ടനവധി സ്‌കൂളുകളിൽ അച്ഛൻ ജോലി ചെയ്തു. അച്ഛന്റെ സ്ഥലംമാറ്റത്തിന് അനുസരിച്ച് വാടകവീടുകളിലൂടെ ഞങ്ങളും യാത്ര ചെയ്തു. ആറു മക്കളായിരുന്നു. ഞാൻ അഞ്ചാമൻ. എല്ലാവർക്കും അമ്മ ഒരുപോലെ സ്നേഹം വിളമ്പി. അമ്മയുടേത് സാക്രിഫൈസ് ചെയ്ത ജീവിതമായിരുന്നു എന്ന് എപ്പോഴും തോന്നും.

അച്ഛനൊപ്പം ജോലി ചെയ്യുന്ന അധ്യാപകരും ഞങ്ങളുടെ കൂട്ടുകാരും മുന്നറിയിപ്പില്ലാതെ വീട്ടിലേക്ക് വരും. എല്ലാവർക്കും അമ്മ വിഭവങ്ങളൊരുക്കി. ഒരിക്കൽ പോലും മുഖം കറുപ്പിച്ചില്ല. ആറുമക്കളുടെയും പഠനം, വാടക, മറ്റ് ചെലവുകൾ. അമ്മയുടെ മണി മാനേജ്മെന്റ് എന്തായിരുന്നെന്നു മുതിർന്നപ്പോഴാണ് മനസിലായത്. എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന അച്ഛന്റെ ശമ്പളത്തിൽനിന്നു കടം വാങ്ങിക്കാതെ എല്ലാ ചെലവുകളും കഴിഞ്ഞു പോയതിന് പിന്നിൽ അമ്മയുടെ ബുദ്ധിയാണ്.

ദാരിദ്ര്യം അല്ല, പക്ഷെ മിഡൽ ക്ലാസ് ഫാമിലിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്. അതൊരു സങ്കടവുമായിരുന്നില്ല. ഞങ്ങളെല്ലാവരും സർക്കാർ ജോലി നേടി. വീട്ടിലെ അന്തരീക്ഷം കൊണ്ടാണ് ഞങ്ങളെല്ലാം നല്ല രീതിയിൽ പഠിച്ചത്- ജഗദീഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *