ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വെളിപ്പെടുത്തലുകളുമായി നിരവധി നടിമാർ എത്തിയിരുന്നു. ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന നായിക നടി അശ്വിനി നമ്പ്യാർക്കും വളരെ അധികം വിശ്വസിച്ചിരുന്ന സഹപ്രവർത്തകനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. അടുത്തിടെ ഇന്ത്യാഗ്ലിറ്റ്സ് തമിഴിന് നൽകിയ അഭിമുഖത്തിൽ അത് നടി വെളിപ്പെടുത്തിയിരുന്നു. ഡിസ്കഷന്റെ പേരിൽ വിളിച്ച് വരുത്തി സംവിധായകൻ മോശമായി പെരുമാറിയെന്നാണ് അശ്വിനി തുറന്ന് പറഞ്ഞത്.
താൻ അഭിനയിച്ചിരുന്ന സമയത്ത് പെയ്മെന്റ് തീർത്ത് ലഭിക്കാത്തതും കാസ്റ്റിങ് കൗച്ച് പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്നും അശ്വിനി പറയുന്നു. ഞാൻ അഭിനയിച്ച 70 ശതമാനം സിനിമകളിൽ നിന്നും എനിക്ക് മുഴുവൻ പ്രതിഫലവും ലഭിച്ചിട്ടില്ല. അതുപോലെ എനിക്കുണ്ടായ മോശം അനുഭവത്തെ കാസ്റ്റിങ് കൗച്ച് എന്നല്ല ഒരു സാഹചര്യത്തിൽ ഞാൻ അകപ്പെട്ട് പോയെന്ന് പറയുന്നതാവും ശരി. അയാളുടെ പേര് ഞാൻ വെളിപ്പെടുത്തുന്നില്ല. മാപ്പ് നൽകി മറന്നേക്കാം.
അയാൾ വലിയൊരു സംവിധായകനാണ്. സിനിമയുടെ ഡിസ്കഷന് വേണ്ടി ഓഫീസിലേക്ക് വരാൻ ആ സംവിധായകൻ എന്നോട് ആവശ്യപ്പെട്ടു. പൊതുവെ ഞാൻ എവിടെ പോയാലും അമ്മ എനിക്കൊപ്പം ഉണ്ടാകും. അമ്മയാണ് എന്റെ ബലം. നൂറ് പുരുഷന്മാർക്ക് സമമാണ് അമ്മ എനിക്കൊപ്പം ഉണ്ടെങ്കിൽ. അയേൺ ലേഡിയെന്നും വിശേഷിപ്പിക്കാം.അന്ന് സുഖമില്ലാത്തതിനാൽ അമ്മ എനിക്കൊപ്പം വന്നില്ല. കോസ്റ്റ്യൂം ഡിസ്കഷന് വേണ്ടിയോ മറ്റൊ ആണ് സംവിധായകൻ എന്നെ ഓഫീസിലേക്ക് വിളിപ്പിച്ചത്. എന്താണെന്ന് കൃത്യമായി ഓർക്കുന്നില്ല. ആ സിനിമയിൽ എന്റെ ഹെയർ ഡ്രസ്സറായിരുന്ന സ്ത്രീക്കൊപ്പമാണ് ഞാൻ പോയത്. ഓഫീസും അപ്പാർട്ട്മെന്റും ചേർന്ന കെട്ടിടമായിരുന്നു അയാളുടേത്.
അപ്പാർട്ട്മെന്റിലേക്ക് ചെല്ലാനാണ് ആവശ്യപ്പെട്ടത്. ഹെയർ ഡ്രസ്സറായിരുന്ന സ്ത്രീയെ വിളിച്ചപ്പോൾ അവർ ഒപ്പം വരാൻ തയ്യാറായില്ല. ഞാൻ അന്ന് ടീനേജറാണ്. അങ്ങനെ ആ സംവിധായകന്റെ മുറിയുടെ അരികിലെത്തി. അവിടെ പക്ഷെ ആരും ഉണ്ടായിരുന്നില്ല. പിന്നെയാണ് ബെഡ് റൂം ഏരിയയിലേക്ക് വരാൻ പറഞ്ഞുള്ള ശബ്ദം കേട്ടത്. ആ സംവിധായകനൊപ്പം നേരത്തെ ഒരു സിനിമ ഞാൻ ചെയ്തിട്ടുണ്ട്. മലയാളം സിനിമയായിരുന്നു. പരിചയമുള്ള വ്യക്തിയാണല്ലോയെന്ന് കരുതിയാണ് മറ്റൊന്നും ചിന്തിക്കാതെ മുറിക്കുള്ളിലേക്ക് പോയത്. എന്നാൽ അയാൾ എന്നോട് വളരെ മോശമായി പെരുമാറി. തെറ്റായ രീതിയിലാണ് പെരുമാറിയത്. തിരിച്ചിറങ്ങി വരുമ്പോൾ കുറച്ചുനേരം എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല. അമ്മയോട് എങ്ങനെ ഇത് പറയുമെന്നും എനിക്ക് അറിയില്ലായിരുന്നു. എന്റെ തെറ്റാണോയെന്ന സംശയം പോലും എനിക്ക് തോന്നി.
അമ്മ ഇത്രയും കാലം ബോഡി ഗാർഡ് പോലെ നിന്നാണ് എന്നെ സംരക്ഷിച്ചത്. അങ്ങനൊരാളോട് എങ്ങനെ ഈ സംഭവം പറയുമെന്ന് തോന്നൽ എനിക്ക് വന്നു. അവസാനം ഞാൻ അമ്മയോട് പറഞ്ഞു. അന്ന് അമ്മയ്ക്ക് അത് താങ്ങാൻ കഴിഞ്ഞില്ലെന്നും അശ്വിനി പറയുന്നു. വർഷങ്ങൾക്കുശേഷം സൂഴൽ എന്ന സിനിമയിലൂടെ വീണ്ടും അഭിനയത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് അശ്വിനി.