ഇന്ത്യന്‍ സിനിമയിലെ പകരം വയ്ക്കാനാകാത്ത വസന്തമാണ് രേഖ. പ്രേക്ഷകരെ ഒരു നോട്ടം കൊണ്ടു പോലും ജ്വലിപ്പിച്ച സര്‍പ്പസുന്ദരി. ബോളിവുഡിലെ മികച്ച നായികമാരില്‍ ഒരാള്‍. പൊതുവേദിയില്‍ അധികവും സാരിയില്‍ മാത്രം പ്രത്യക്ഷപ്പെടാറുള്ള രേഖ ആരാധകരുടെ ഹരമായിരുന്നു. പ്രസിദ്ധിയോടൊപ്പം കുപ്രസിദ്ധിയിലും രേഖ നിറഞ്ഞുനിന്നു. അതിലൊന്നും താരം തളര്‍ന്നതുമില്ല.
അമിതാഭ് ബച്ചനുമായുള്ള പ്രണയവും അക്ഷയ് കുമാര്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള ഗോസിപ്പുകളും താരത്തെ വാര്‍ത്തകളില്‍ എന്നും സജീവമാക്കി. പ്രമുഖ ബിസിനസുകാരന് മുകേഷ് അഗര്‍വാളുമായുള്ള വിവാഹവും അഗര്‍വാളിന്റെ ആത്മഹത്യയും താരത്തെ തളര്‍ത്തിയില്ല.തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ തുറന്നുപറയുന്നതില്‍ രേഖ മടി കാണിച്ചിട്ടില്ല. പ്രണയത്തെക്കുറിച്ചും മദ്യപാനശീലത്തെക്കുറിച്ചുമെല്ലാം അഭിമുഖങ്ങളില്‍ താരം തുറന്നു പറഞ്ഞിട്ടുമുണ്ട്. താന്‍ നിര്‍ത്താതെ മദ്യപിച്ചിട്ടുണ്ട്. ലഹരികവസ്തുക്കള് ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ, അതൊന്നും തന്റെ ജീവിതത്തെ തകര്‍ക്കുന്ന രീതിയിലേക്കെത്തിച്ചിട്ടില്ല. എല്ലാ കാര്യങ്ങളിലും തനിക്കു ലിമിറ്റുണ്ട്.പിന്നെ തീവ്രമായി കാമിച്ചിട്ടുണ്ട്. അതിതീവ്രമായി, എന്തിനോടെന്നു ചോദിച്ചാല്‍ ജീവിതവുമായി എന്ന മറുപടിയും പറഞ്ഞു താരം.
തമിഴിലെ പ്രമുഖ നടനായ ജെമിനി ഗണേശന്റെയും തെലുങ്കു ചലച്ചിത്ര നടിയായ പുഷ്പവല്ലിയുടെയും മകളായ ഭാനുരേഖ ഗണേശന് എന്ന രേഖയ്ക്കു സിനിമ എന്തെന്നു കുട്ടിക്കാലം തൊട്ടേ അറിയാം. ജെമിനി ഗണേശിന്റെ വിജയകരമായ ചലച്ചിത്രജീവിതം കണ്ടുപഠിച്ചാണ് രേഖയും സിനിമ എന്ന ഗ്ലാമര്‍ ലോകത്തെത്തുന്നത്. 1966-ല്‍ പുറത്തിറങ്ങിയ രംഗുല രത്നം എന്ന തെലുങ്ക് സിനിമയിലാണ് രേഖ ആദ്യമായി വേഷമിടുന്നത്. നായികയായി അഭിനയിക്കുന്നത് 1969-ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രത്തിലാണ്. തുടര്‍ന്ന് ബോളിവുഡില്‍ ചേക്കേറി. ശക്തമായ കഥാപാത്രങ്ങളും ഗ്ലാമറും ഒരു പോലെ കൈകാര്യം ചെയ്ത രേഖ ഒരു കാലത്തെ ഇന്ത്യന്‍ യുവാക്കളുടെ ഹരമായിരുന്നു.