അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത ശേഷമാണ് ഭർത്താവ് സുരേഷ് കുമാറിനൊപ്പം ചേർന്ന് സിനിമാ നിർമ്മാണത്തിൽ നടി മേനകയും സജീവമായി പ്രവർത്തിച്ച് തുടങ്ങിയത്. വിഷ്ണുലോകം, ആറാം തമ്പുരാൻ, കുബേരൻ, ശിവം, വെട്ടം, ചട്ടക്കാരി തുടങ്ങി നിരവധി സിനിമകൾ സുരേഷ് കുമാറും മേനകയും ചേർന്ന് നിർമ്മിച്ചിട്ടുണ്ട്. അടുത്തിടെ റിലീസ് ചെയ്ത ടൊവിനോ തോമസ് സിനിമ വാശി നിർമ്മിച്ചതും മേനകയും സുരേഷ് കുമാറും ചേർന്നായിരുന്നു. എന്നാൽ ഇപ്പോൾ നിർമാതാവിന് സിനിമാ സെറ്റിൽ അതിന്റേതായ ബഹുമാനം കിട്ടാറില്ലെന്ന് പറയുകയാണ് മേനക. മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിലാണ് സീതാകല്യാണം സിനിമയുടെ സെറ്റിൽ പോയപ്പോഴുണ്ടായ അനുഭവവും നടി ജ്യോതിക മാപ്പ് പറയാനുണ്ടായ സാഹചര്യവും മേനക വെളിപ്പെടുത്തിയത്.
നടി സുകുമാരി പറഞ്ഞപ്പോൾ മാത്രമാണ് ജ്യോതികയ്ക്ക് തങ്ങൾ ആരാണെന്ന് മനസിലായതെന്നും മേനക പറഞ്ഞു. നിർമാതാവിന് ഇപ്പോൾ സെറ്റിൽ റെസ്പെക്ട് എന്നത് കിട്ടാറില്ല. ആരാണ് പ്രൊഡ്യൂസർ എന്നത് പോലും ഇപ്പോഴുള്ള ആളുകൾ അറിയുന്നില്ല. സീതാകല്യാണത്തിന്റെ സെറ്റിൽ ഞാനും സുരേഷേട്ടനും കൂടി പോയിരുന്നു. ഗീതു മോഹൻദാസും ജ്യോതികയും സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
അന്നാണ് ഞാൻ ജ്യോതികയെ ആദ്യമായി കാണുന്നത്. ഞാൻ കണ്ടിട്ടില്ല. ജ്യോതികയ്ക്കും എന്നെ അറിയാൻ വഴിയില്ല. കാരണം അവർ തമിഴിലൂടെ വന്നവരാണ്. മലയാളത്തിൽ ഇങ്ങനൊരു വലിയ ആർട്ടിസ്റ്റുണ്ടായിരുന്നുവെന്ന് അറിയാനും വഴിയില്ല. എന്റെ തമിഴ് സിനിമ വന്നിട്ടുണ്ടെങ്കിലും ഈ കാലഘട്ടത്തിലുള്ള ജ്യോതികയ്ക്ക് അത് അറിയണമെന്നില്ലല്ലോ. ഞാനും സുരേഷേട്ടനും സെറ്റിലേക്ക് ചെന്നപ്പോൾ ഗീതു ഞങ്ങളെ കണ്ട് ഹായ് പറഞ്ഞ് സംസാരിച്ചു. ശേഷം ഞങ്ങൾ അകത്തേക്ക് കയറിപ്പോയി. അവിടെ സുകുമാരി ചേച്ചിയും മനോരമ ആച്ചിയും കൂടി സംസാരിച്ച് ഇരിക്കുന്നുണ്ട്. അവരെ കാണാൻ വേണ്ടിയാണ് അന്ന് ഞാൻ ശരിക്കും പോയത്. അത്രയും വലിയ സീനിയർ ആർട്ടിസ്റ്റുകളല്ലേ. അവരെ കാണണമെന്നും പറഞ്ഞാണ് ഞാൻ ആ ലൊക്കേഷനിൽ ചെന്നത്. അല്ലെങ്കിൽ സെറ്റിൽ അധികം പോകുന്നയാളല്ല ഞാൻ.
എപ്പോഴെങ്കിലും മാത്രമെ പോകാറുള്ളു. അവിടെ ചെന്ന് അവരോട് ഒരുപാട് നേരം സംസാരിച്ചു. അതിനിടയിൽ ജ്യോതികയും അവിടേക്ക് വന്ന് പോയി. ശേഷം ഞാൻ അവിടെ നിന്ന് പുറത്തേക്ക് വന്ന് ഒരു കസേരയിൽ ഇരുന്നു. സുരേഷേട്ടൻ കുറേ നേരം നിൽക്കുകയായിരുന്നു.
എന്റെ കസേരയിൽ ഇരിക്കൂ ഞാൻ നിന്നോളാമെന്ന് പറഞ്ഞിട്ടും പുള്ളി സമ്മതിച്ചില്ല. അവസാനം ഞാൻ പ്രൊഡക്ഷനോട് പറഞ്ഞു… എത്രനേരം കൊണ്ട് പുള്ളി നിൽക്കുകയാണ് ഒരു കസേര കൊണ്ട് വന്ന് കൊടുക്കാൻ അറിയില്ലേയെന്ന് ഞാൻ ചോദിച്ചു. കണ്ടില്ല ചേച്ചിയെന്ന് മറുപടിയും പറഞ്ഞ് അവൻ ഒരു കസേര തന്നിട്ട് പോയി. സ്വന്തം പടമായതുകൊണ്ടാണ് സുരേഷേട്ടൻ നിന്നു.
ശേഷം ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ജ്യോതിക ഓടി വന്നു. ശേഷം കൈ തന്നിട്ട് സോറി മാം ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇപ്പോൾ ഞാൻ അകത്ത് ഡ്രസ് മാറാൻ പോയപ്പോൾ സുകുമാരി ആന്റിയാണ് മാം ആരാണ് എന്താണ് എന്നുള്ള കാര്യങ്ങൾ പറഞ്ഞ് തന്നതെന്ന്. എക്സ്ട്രീമിലി സോറി. അറിയാത്തതുകൊണ്ടാണ് ഞാൻ അങ്ങനെ ഇരുന്നത് എന്നൊക്കെ ജ്യോതിക പറഞ്ഞു. സത്യത്തിൽ ജ്യോതികയുടെ വാക്കുകൾ കേട്ടപ്പോൾ സുകുമാരി ചേച്ചിയോടുള്ള സ്നേഹവും ബഹുമാനവും കൂടി. കാരണം സുകുമാരി ചേച്ചിക്ക് ഇത് ചെയ്യേണ്ട ആവശ്യമില്ല. രണ്ട് കാര്യങ്ങളാണ് ചേച്ചി ചെയ്തത്. എനിക്ക് കിട്ടേണ്ട റെസ്പെക്ട് ചേച്ചി വാങ്ങി തന്നു. ജ്യോതികയ്ക്ക് എന്താണ് കാര്യമെന്ന് പറഞ്ഞ് മനസിലാക്കി കൊടുത്തു എന്നും മേനക പറഞ്ഞു.