ഇന്ത്യൻ സിനിമയിലെ നിലവിലെ ജനപ്രിയ വനിത താരങ്ങളുടെ ഏറ്റവും പുതിയ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഒർമാക്സ് മീഡിയ. പട്ടിക പുറത്തു വന്നതോടെ ദക്ഷിണേന്ത്യൻ താരങ്ങൾ വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. ആദ്യ 10ൽ 7 സ്ഥാനങ്ങളിലും ഇടം പിടിച്ച് ദക്ഷിണേന്ത്യൻ താരങ്ങൾ ആധിപത്യം പുലർത്തി. മാർച്ചിലെ പട്ടികയാണ് പുറത്തുവിട്ടത്.
സാമന്ത റൂത്ത് പ്രഭു ആണ് ഒന്നാം സ്ഥാനത്ത്. 2025 തുടക്കം മുതൽ തന്നെ സാമന്ത ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട വനിത താരമായി തുടരുന്നു. ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിപരമായ പോരാട്ടങ്ങൾക്കിടയിലും വൻ മുന്നേറ്റമാണ് താരം നടത്തിയത്. ധീരമായ പുതിയ സംരംഭങ്ങളുമായി സാമന്ത ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. അടുത്തിടെ, ട്രാലാല മൂവിങ് പിക്ചേഴ്സ് എന്ന ബാനറിൽ സിനിമ നിർമാണം ആരംഭിച്ചു. അഭിനയത്തിൽ മാത്രമല്ല നിലപാട് വ്യക്തമാക്കുന്നതിലും സാമന്ത മുന്നിലാണ്.
സാമന്തക്ക് തൊട്ടുപിന്നിൽ ബോളിവുഡിലെ മികച്ച താരങ്ങളായ ആലിയ ഭട്ടും ദീപിക പദുക്കോണും ആണ്. ആദ്യ പത്തിൽ ഇടം നേടിയ മറ്റൊരു ബോളിവുഡ് നടി കത്രീന കൈഫാണ്. ബാക്കിയുള്ള സ്ഥാനങ്ങൾ ദക്ഷിണേന്ത്യയിലെ മുൻനിര നടിമാരുടെ കൈകളിലാണ്. കത്രീന ആദ്യ അഞ്ചിൽ ഇടം നേടിയിട്ടുമില്ല. പത്താം സ്ഥാനത്താണ് നടി. ഇന്ത്യൻ സിനിമയിലേക്കുള്ള വലിയ തിരിച്ചുവരവിന് തയാറെടുക്കുന്ന പ്രിയങ്ക ചോപ്ര ഉടൻ തന്നെ റാങ്കിങ്ങിൽ ഉയരുമെന്നാണ് പ്രതീക്ഷ.