ചിലപ്പോൾ വസ്ത്രങ്ങൾ എക്സ്പോസ് ചെയ്യുന്നതായിരിക്കാം…, എല്ലാവരെയും സന്തോഷിപ്പിച്ച് ജീവിക്കാൻ കഴിയില്ല; മാളവിക മേനോൻ

സൈബർ ആക്രമണങ്ങൾക്കെതിരേ തുറന്നടിച്ച് നടി മാളവിക മേനോൻ. ഒരു ലൈസൻസും ഇല്ലാതെ എന്തും പറയാമെന്ന സ്ഥിതിയാണ് ഉള്ളത്. കണ്ടന്റിനു വേണ്ടി ചില യുട്യൂബ് ചാനലുകൾ അവരുടെ താത്പര്യത്തിനനുസരിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയാണെന്നും മാളവിക മേനോൻ പറഞ്ഞു. ഒരഭിമുഖത്തിലായിരുന്നു മാളവികയുടെ പ്രതികരണം. സോഷ്യൽ മീഡിയയിൽ ആരുടെ മുഖമാണോ വരുന്നത്, അവർക്കാണ് വിമർശനം ലഭിക്കുക. മോശം രീതിയിൽ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുന്നവർക്കെതിരേ യാതൊരു വിമർശനവും ഇല്ലെന്നും മാളവിക മേനോൻ പറഞ്ഞു.

സമൂഹമാധ്യമങ്ങൾക്കു നിയന്ത്രണങ്ങൾ ഇല്ലാത്തതുകൊണ്ടാണ് എന്തു കാര്യത്തിനും ആരേയും എന്തും പറയാം എന്നൊരു സ്ഥിതി വന്നത്. സ്ത്രീകളുടെ കാര്യം മാത്രമല്ല, പുരുഷന്മാർക്കെതിരേയും അധിക്ഷേപം ഉണ്ട്. ഒരു ലൈസൻസും ഇല്ലാതെ, നമ്മളെ നേരിട്ട് അറിയാത്തവരാണ് ഇത്തരത്തിൽ അധിക്ഷേപിക്കുന്നത്. സോഷ്യൽ മീഡിയയിൽ ആരുടെ മുഖമാണോ പ്രദർശിപ്പിക്കുന്നത് അവർക്കാണ് ചീത്തവിളി കിട്ടുന്നത്. അല്ലാതെ മോശം രീതിയിൽ ചിത്രങ്ങളും വിഡിയോയും എടുത്ത് പ്രചരിപ്പിക്കുന്നവർക്കല്ല.

വേണമെങ്കിൽ നല്ല രീതിയിൽ തന്നെ അവതരിപ്പിക്കാം. പേജ് വ്യൂസിന് വേണ്ടി അവർക്കാവശ്യമുള്ള കണ്ടന്റ് അവർ ഇടും. ഒരിക്കൽ ഒരു പരിപാടിക്ക് പോയപ്പോൾ ഞാൻ ചുരിദാർ ആണ് ഇട്ടിരുന്നത്. പരിപാടി തുടങ്ങും മുൻപ് അവിടെയുളള മീഡിയകൾ എന്റെ ഒപ്പമുള്ളവരോട് വിളിച്ചു ചോദിച്ചു എന്ത് വസ്ത്രമാണ് ഞാൻ ധരിച്ചിരിക്കുന്നതെന്ന്. അവിടെ വന്ന് വീഡിയോ എടുത്തിട്ട് പറഞ്ഞു, ഞാൻ ഇത് പോസ്റ്റ് ചെയ്യില്ല. കാരണം എനിക്ക് കണ്ടന്റിന് ഉള്ളതൊന്നും കിട്ടിയിട്ടില്ല എന്ന്. ഇതൊക്കെ എന്ത് ചിന്താരീതിയാണ് എന്നു ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്റെ കൂടെയുള്ളവർ അപ്പോൾ തന്നെ ഇതിനൊക്കെ മറുപടി കൊടുത്തിട്ടുണ്ട്. നമ്മളെക്കൊണ്ട് അവർക്ക് ജീവിക്കാൻ പറ്റുന്നുണ്ടെങ്കിൽ ആയിക്കോട്ടെ എന്ന് ഞാനും ആലോചിക്കും.

ഇന്നത്തെ കാലത്ത് എല്ലാവരും നല്ല മോഡേൺ രീതിയിൽ വസ്ത്രമിടുന്നവരാണ്. എന്നാൽ സെലിബ്രിറ്റികൾ അങ്ങനെ ചെയ്യുമ്പോൾ അതിനെതിരേ ചിലർ മോശം പറയും. ഒരു മാളിൽ ചെന്നാൽ ഇഷ്ടമുള്ള വസ്ത്രം ധരിച്ചെത്തുന്നവരെ കാണാനാകും. ചിലർ എക്സ്പോസ് ചെയ്യുന്ന രീതിയിലുള്ളതായിരിക്കാം, ചിലരുടേത് ഇറക്കം കുറഞ്ഞതായിരിക്കാം, പക്ഷേ ഇതേ കാര്യം സിനിമതാരങ്ങൾ ആകുമ്പോൾ എങ്ങനെയാണ് മോശമാകുന്നത്. ഞങ്ങളുടെ ജോലിയുടെ ഭാഗമാണിത്. പൈസ വാങ്ങിയിട്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നുവരെ കമന്റിടുന്നവരുണ്ട്. ഇതിനോടൊക്കെ പ്രതികരിക്കാൻ തന്നെ എനിക്ക് താൽപര്യമില്ല. ഞാൻ എന്റെ ജോലിയാണ് ചെയ്യുന്നത്. എല്ലാവരെയും സന്തോഷിപ്പിച്ച് ജീവിക്കുകയെന്നത് സാധ്യമല്ല- മാളവിക പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *