ലെന എന്ന നടിക്കു വിശേഷണങ്ങളൊന്നും ആവശ്യമില്ല. സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ലെന. എന്ന് നിന്റെ മൊയ്തീന്‍, രാമലീല, മൈ ബോസ്, ഉസ്താദ് ഹോട്ടല്‍, വിക്രമാദിത്യന്‍, ഈ അടുത്ത കാലത്ത്, സ്‌നേഹവീട്, ഗദ്ദാമ, ട്രാഫിക്, ഡാഡി കൂള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ലെനയുടെ കഥാപാത്രങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റി. ബിഗ്‌സ്‌ക്രീനില്‍ മാത്രമല്ല, മിനിസ്‌ക്രീനിലും താരം സജീവമാണ്.
ഡിഗ്രിക്കു പഠിക്കുമ്പോഴാണ് രണ്ടാം ഭാവം എന്ന സിനിമയില്‍ അഭിനയിക്കുന്നത്. സൈക്കോളജിയില്‍ മാസ്റ്റര്‍ ഡിഗ്രിയുള്ള ലെന മുംബൈയിലെ ആശുപത്രിയില്‍ സൈക്കോളജിസ്റ്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. പഠനകാലത്തുതന്നെ കലാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു താരം. പഠനകാലത്തു നാടക ട്രൂപ്പ് ആരംഭിക്കാന്‍ ആഗ്രഹിച്ചിരുന്നു താരം.
ഇപ്പോള്‍, ലെന വിവാഹമോചനത്തെപ്പറ്റി ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തലുകള്‍ നടത്തിയത്. ആറാം ക്ലാസിലെ ബോയ്ഫ്രണ്ടിനെയാണ് ലെന ഭര്‍ത്താവായി സ്വീകരിച്ചത്. ഇരുവരും നല്ല കൂട്ടുകാരായിരുന്നു. ജാങ്കോ ലൈഫ് ആയിരുന്നു തന്റേതെന്നും ലെന പറയുന്നു. കുറേക്കാലം സന്തോഷത്തോടെ ജീവിച്ചു. ”ആറാം ക്ലാസ് മുതല്‍ ഞാന്‍ നിന്റെ മുഖവും നീ എന്റെ മുഖവും മാത്രമല്ലേ കാണുന്നുള്ളൂ. നീ പോയി ലോകമൊക്കെ ഒന്ന് കാണൂ, ഞാനും കാണട്ടെ…” അങ്ങനെ തമ്മില്‍ പറഞ്ഞു പിരിയുകയായിരുന്നു.
”കോടതിയില്‍ ഹിയറിങ്ങിനു പോയതുപോലും ഞങ്ങള്‍ ഒരുമിച്ചാണ്. ഒരിക്കല്‍, വക്കീലിനെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം തിരക്കിലായിരുന്നു. കുറച്ചു കഴിഞ്ഞു വക്കീല്‍ വന്നുനോക്കുമ്പോള്‍ ഞങ്ങള്‍ ഒരുമിച്ചിരുന്ന് ഗുലാബ് ജാമുന്‍ പങ്കിട്ടുകഴിക്കുകയാണ്. അപ്പോള്‍ വക്കീല്‍ ചോദിച്ചു, നിങ്ങള്‍ ഡിവോഴ്‌സിനു തന്നയല്ലേ വന്നതെന്ന്…” എന്നെങ്കിലും സിനിമയെടുക്കുമ്പോള്‍ സംഭവങ്ങള്‍ എഴുതുമെന്നും ലെന പറഞ്ഞു.