‘ക്ലാസിക്കൽ മ്യൂസിക്ക് ഇപ്പോഴും പഠിക്കുന്നുണ്ട്’; ജാസി ഗിഫ്റ്റ് പറയുന്നു

ഫോർ ദി പീപ്പിൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലൊരു വിപ്ലവം തന്നെ സൃഷ്ടിക്കുകയായിരുന്നു ജാസി ഗിഫ്റ്റ് എന്ന സംഗീത സംവിധായകനും ഗായകനും. തന്റെ ശബ്ദത്തിലെ വ്യത്യസ്തത കൊണ്ടു തന്നെയാണ് ജാസി ഗിഫ്റ്റ് എന്ന സംഗീതഞ്ജൻ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാവുന്നത്.

ചെറുപ്പം മുതലുള്ള അമിതമായ ഇഷ്ടമായിരുന്നു ജാസിക്ക് മ്യൂസിക്കിനോട് ഉണ്ടായിരുന്നത്. പെട്ടെന്ന് തന്നെ സിനിമയിലെത്തുമ്പോൾ തീർച്ചയായും തിരക്കു മൂലം പലർക്കും മ്യൂസിക്ക് പഠനം മുന്നോട്ട് പോവാൻ സാധിക്കില്ല. ഈ ലൈംലൈറ്റിൽ നിൽക്കുമ്പോഴും ജാസി പഠനം തുടരുന്നു എന്നത് വലിയ കാര്യമാണ്. ‘തിരുവനന്തപുരത്തെ ചന്ദ്രബാബു ചേട്ടൻറെ അടുത്ത് നിന്നും ക്ലാസിക്കൽ മ്യൂസിക്ക് ഇപ്പോഴും പഠിക്കുന്നുണ്ട്. ഓൺലൈൻ വഴി എല്ലാ ആഴ്ചയും പഠിക്കും ‘ മൈൽസ്റ്റോൺ മീഡിയയുടെ അഭിമുഖത്തിനിടെ ജാസി ഗിഫ്റ്റ് പറഞ്ഞു.

‘നമ്മുടെ ഫിലിം മ്യൂസിക്കിലാണ് എൻറെ ശബ്ദത്തിന് പറ്റിയ സ്‌പേസ് ഇല്ലാതിരുന്നത്. തുടക്ക സമയത്ത് അങ്ങനെ എല്ലാ പാട്ടുകളിലേക്കും എത്തിപ്പെടാൻ സാധിച്ചിട്ടില്ല. പക്ഷേ ഇന്ന് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്.’ ജാസി വ്യക്തമാക്കി.

മലയാള സിനിമയിൽ ഇംഗ്ലീഷ് ലിറിക്‌സുകൾ വളരെ വേഗത്തിൽ പാടി തകർക്കുന്ന ജാസിയുടെ ഒരു ക്ലാസിക്കൽ സോംഗ് പ്രേക്ഷകർ കേൾക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാൽ ഒന്നു രണ്ട് കൊളാബുകൾ ഇപ്പോൾ പ്രോസസിൽ ആണെന്നും അതിനെ കുറിച്ച് കൂടുതൽ പറയാൻ ഇപ്പോൾ സാധിക്കില്ലെന്നും ജാസി പറഞ്ഞു.

ജാസി ഗിഫ്റ്റ് ഹാപ്പി മൂഡിലേക്ക് വരാൻ എന്തെല്ലാം ചെയ്യുമെന്ന അവതാരികയുടെ ചോദ്യത്തിന് വളരെ രസകരമായ മറുപടിയാണ് അദ്ദേഹം നൽകിയത് ; ‘ഞാൻ കൂടുതൽ പാട്ട് കേൾക്കും. അതാണ് കൂടുതൽ സന്തോഷം തരുന്നത്. മാത്രമല്ല ഇടക്ക് ഒരു പത്തു ദിവസമെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും വലിയൊരു ബ്രെയ്ക്ക് എടുക്കും.’

തന്റെ നാലാമത്തെ ചിത്രത്തിലൂടെയാണ് ജാസി ഗിഫ്റ്റ് എന്നത് ഒരു ബ്രാന്റായത്. ഒരു സിനിമയിലെ മൂന്ന് പാട്ടും ഒരുമിച്ച് ഹിറ്റാവുകയും ആളുകൾക്കിടയിൽ ചർച്ചാ വിഷയമാവുകയും ചെയ്തു. എന്നാൽ ഇന്ന് നിരവധി ഗായകർ വളർന്നു വരുന്നുണ്ട്. പക്ഷേ അതിനനുസരിച്ചുള്ള പ്രശസ്തിയോ അല്ലെങ്കിൽ ആളുകൾ തിരിച്ചറിയുകയോ ചെയ്യുന്നവർ കുറവാണ്. അങ്ങനെ നോക്കിയാൽ ജാസി എന്ന ഗായകൻ ഒരുപാട് ഉയരത്തിലാണ്. ‘ഒരു സിംഗറെ ആളുകൾ തിരിച്ചറിയണമെങ്കിൽ പ്രധാനമായും ഒരു ഹിറ്റ് സോംഗ് എങ്കിലും സ്വന്തമായി വേണം.’ ജാസി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *