കോമഡിക്കുവേണ്ടി ഡബിള്‍ മീനിങ് ചെയ്തിട്ടുണ്ട്; ആ രീതികള്‍ മാറി: സുരാജ് വെഞ്ഞാറമൂട്

ഹാസ്യനടനായും സ്വഭാവനടനായും മലയാളികളുടെ മനസു കീഴടക്കിയ താരമാണ് ദേശീയ പുരസ്‌കാര ജേതാവു കൂടിയായ സുരാജ് വെഞ്ഞാറമൂട്. ജഗതി ശ്രീകുമാറിനു ശേഷം മലയാള സിനിമ കണ്ട ഏറ്റവും മികച്ച കോമഡി ആര്‍ട്ടിസ്റ്റായാണ് സുരാജിനെ വിലയിരുത്തപ്പെടന്നത്. അവതരിപ്പിച്ച വേഷങ്ങളെല്ലാം ചിരിയുടെ പൂരമായിരുന്നു പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.

സിനിമയിലെ കോമഡി രംഗങ്ങള്‍ക്കു മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്. തൊട്ടുമുമ്പത്തെ തലമുറയിലെ സിനികളില്‍ നിന്നു വ്യത്യസ്തമാണ് സമകാലിക സിനിമ ഹാസ്യം കൈകാര്യം ചെയ്യുന്നതെന്നും താരം പറഞ്ഞു. മുന്‍ തലമുറയിലെ അടൂര്‍ ഭാസി, എസ്.പി. പിള്ള, മാള, പപ്പു, ജഗതി തുടങ്ങിയവരുടെ രീതിയല്ല ഇപ്പോഴുള്ളവര്‍ ചെയ്യുന്നത്. പഴയ സിനിമകളിലെല്ലാം കോമഡി ആര്‍ട്ടിസ്റ്റുകള്‍ ഒരു പ്രത്യേക ട്രാക്കിലൂടെയാണ് പോയിരുന്നത്. കോമഡിക്കു വേണ്ടി സീനുകള്‍ മാറ്റിവച്ചിട്ടുള്ളതായും കാണാം. അവര്‍ സ്‌ക്രീനിലേക്ക് വരുമ്പോഴേ ആളുകള്‍ ചിരിക്കാന്‍ തുടങ്ങും. അമ്പളിച്ചേട്ടന്റെ (ജഗതി ശ്രീകുമാര്‍) ഒരു നോട്ടം മതി ആളുകളെ ചിരിപ്പിക്കാന്‍.

കോമഡിക്കു ഡബിള്‍ മീനിങ് ഉപയോഗിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. എന്നാല്‍, ആ രീതികള്‍ക്കൊക്കെ മാറ്റം വന്നുകൊണ്ടിരിക്കുന്നതായാണ് പുതിയ സിനിമ അഥവാ നമ്മള്‍ ന്യൂജെന്‍ സിനിമ വ്യക്തമാക്കുന്നത്. സിറ്റുവേഷന്‍ കോമഡിയാണ് ഇപ്പോഴത്തെ സിനിമകളധികവും കൈകാര്യം ചെയ്യുന്നത്. കറക്ട് സിറ്റുവേഷന്‍ ആണെങ്കില്‍, സിറ്റുവേഷനില്‍ നമ്മള്‍ ചെയ്തത് ഓകെയായെങ്കില്‍ ജനം ചിരിക്കും, കൈയടിക്കും ഇഷ്ടപ്പെടും. ജനം ചിരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. സിറ്റുവേഷനില്‍ കറക്ട് സമയത്ത് ഓവറാകാതെ ചെയ്താല്‍ ജനം സ്വീകരിക്കുമെന്നും സുരാജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *