‘കേട്ടപ്പോൾ എനിക്കതൊരു ഷോക്ക് ആയിരുന്നു,് ഷൂട്ടിംഗിനിടെ പൃഥിരാജിനോട് പറഞ്ഞത്’; മീന

ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന താരമാണ് മീന. അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പർസ്റ്റാറുകൾക്കൊപ്പം മികച്ച ഓൺസ്‌ക്രീൻ കെമിസ്ട്രി മീനയ്ക്കുണ്ടായിരുന്നു. രജിനികാന്ത്, മമ്മൂട്ടി, മോഹൻലാൽ, വെങ്കിടേഷ് തുടങ്ങിയ സൂപ്പർതാരങ്ങളുടെ സിനിമകളിൽ മീര തിളങ്ങി. ഒരു കാലത്തെ ഭാഗ്യ നായികയായിരുന്നു മീന.

വിവാഹ ശേഷം ചെറിയ ഇടവേളയെടുത്ത് തിരിച്ച് വന്നപ്പോൽ മീനയ്ക്ക് മികച്ച കഥാപാത്രങ്ങൾ ലഭിച്ചത് മലയാളത്തിൽ നിന്നാണ്. ദൃശ്യം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. മലയാളത്തിൽ മീന ചെയ്ത ഹിറ്റ് സിനിമകളിലൊന്നാണ് ബ്രോ ഡാഡി. പൃഥിരാജ് സംവിധാനം ചെയ്ത സിനിമയിൽ സുപ്രധാന വേഷമാണ് മീന ചെയ്തത്. പൃഥിരാജിന്റെ അമ്മയുടെ വേഷമാണ് ചിത്രത്തിൽ മീന ചെയ്തത്.

ഇരുവരും തമ്മിൽ വലിയ പ്രായ വ്യത്യാസമില്ല. 41 കാരനാണ് പൃഥിരാജ്. മീനയുടെ പ്രായം 47 ഉം. പൃഥിരാജിന്റെ അമ്മയായി അഭിനയിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് മീനയിപ്പോൾ. ജാംഗോ സ്‌പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഓർമ്മകൾ പങ്കുവെച്ചത്. രാജുവാണ് നിങ്ങളുടെ മകനായി അഭിനയിക്കുകയെന്ന് പറഞ്ഞിരുന്നു. പൃഥിരാജായാണ് എനിക്കറിയുന്നത്. രാജു എന്ന് പറഞ്ഞപ്പോൾ ആരാണെന്ന് കരുതി.

അല്ല, ലൂസിഫർ സംവിധാനം ചെയ്തയാളാണെന്ന് ആന്റണി പറഞ്ഞു. പൃഥിരാജ് അല്ലേയെന്ന് ഞാൻ ചോദിച്ചു. എനിക്കതൊരു ഷോക്ക് ആയിരുന്നു. ഇത്ര വലിയ ആളുടെ അമ്മയായി അഭിനയിക്കുന്നോ എന്ന് തോന്നിയിരുന്നെന്നും മീന തുറന്ന് പറഞ്ഞു. എന്റെ ആദ്യ സീൻ തന്നെ വാടാ മൂത്ത മോനെ എന്ന് പറഞ്ഞിട്ട് പോകുന്നതാണ്. റിഹേഴ്‌സൽ കഴിഞ്ഞ്, രാജൂ, നീ വലിയൊരു ശബ്ദം കേട്ടോ എന്ന് ഞാൻ ചോദിച്ചു. ഇല്ലെന്ന് രാജു. എന്റെ കുഞ്ഞു ഹൃദയം നുറുങ്ങുന്ന ശബ്ദമാണെന്ന് താൻ പറഞ്ഞെന്നും മീന ചിരിയോടെ ഓർത്തു.

മോഹൻലാലിനൊപ്പമുള്ള കെമിസ്ട്രിയെക്കുറിച്ചും മീന സംസാരിച്ചു. എല്ലാവരും ചോദിക്കുന്ന ചോദ്യമാണിത്. എന്താണ് പറയേണ്ടതെന്ന് മനസിലാകുന്നില്ല. ലാലേട്ടനൊപ്പം ആദ്യ സിനിമയിൽ വെച്ച് തന്നെ സൗഹൃദത്തിലായി. അങ്ങനെ ആ സൗഹൃദം തുടർന്നു. മലയാളത്തിൽ എന്റെ മികച്ച പെയർ ലാൽ സാറാണെന്ന് വീട്ടുകാർ പറയും. തെലുങ്കിൽ വെങ്കിടേശുമായുള്ള കെമിസ്ട്രിയും തമിഴിൽ രജിനികാന്തുമായുള്ള കെമിസ്ട്രിയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്ന് മീന ചൂണ്ടിക്കാട്ടി.

അനന്തപുരം ഡയറീസ് ആണ് മീനയുടെ പുതിയ സിനിമ. ഏറെ നാളുകൾക്ക് ശേഷം നടി മലയാളത്തിൽ അഭിനയിക്കുന്ന സിനിമയാണിത്. ഭർത്താവ് വിദ്യാസാഗറിന്റെ മരണമുണ്ടാക്കിയ വിഷമഘട്ടത്തെ അതിജീവിച്ച് മുന്നോട്ട് നീങ്ങുകയാണ് മീന.

Leave a Reply

Your email address will not be published. Required fields are marked *