കാൻ ചലച്ചിത്രോത്സവത്തിൽ പലസ്തീൻ ഐക്യദാർഢ്യവുമായി കനി കുസൃതി

കാൻ ചലചിത്രോത്സവത്തിൽ പലസ്തീൻ ഐക്യദാർഢ്യവുമായി കനി കുസൃതി. പാതിമുറിച്ച തണ്ണിമത്തന്റെ ആകൃതിയിലുള്ള വാനിറ്റി ബാഗുമായാണ് കനി റെഡ് കാർപ്പറ്റിൽ പ്രത്യക്ഷപ്പെട്ടത്. പൊരുതുന്ന പലസ്തീൻ ജനതയ്‌ക്കൊപ്പം നിൽക്കുന്നുവെന്നു പ്രഖ്യാപിക്കാൻ ഉപയോഗിക്കുന്ന അതിശക്തമായ ചിഹ്നമാണ് തണ്ണിമത്തൻ.

ഗാസയിൽ ഇസ്രായേൽ വംശഹത്യ തുടരുന്ന സാഹചര്യത്തിൽ ഒരു ആഗോള വേദിയിൽ മലയാളിയായ കനി കുസൃതി പലസ്തീന് ഐക്യദാർഢ്യവുമായി എത്തുന്നുവെന്നതു ശ്രദ്ധേയമാണ്.

താൻ പ്രധാന കഥാപാത്രമായെത്തുന്ന ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന സിനിമയുടെ പ്രദർശനത്തിന്റെ ഭാഗമായാണ് കനി കാനിലെത്തുന്നത്. 30 വർഷത്തിനുശേഷം കാൻ ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സിനിമയെന്ന പ്രത്യേകത ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റി’നുണ്ട്. ‘പാം ദിയോർ’ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രത്തിൽ കനിക്കൊപ്പം ദിവ്യപ്രഭയും പ്രധാന വേഷത്തിലെത്തുന്നു.

പായൽ കപാഡിയ സംവിധാനം ചെയ്യുന്ന ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന സിനിമ മുബൈയിലെത്തുന്ന രണ്ട് മലയാളി നഴ്സുമാരുടെ കഥയാണ് പറയുന്നത്. ഈ കഥാപാത്രങ്ങളെയാണ് കനി കുസൃതിയും ദിവ്യ പ്രഭയും അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ഛായ കദം, ഹൃധു ഹാറൂൺ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാരീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലക്സ്ബോക്സാണ് ചിത്രം ആഗോളതലത്തിൽ അവതരിപ്പിക്കുന്നത്.

പായൽ കപാഡിയ ചെയ്ത ‘എ നൈറ്റ് ഓഫ് നോയിങ് നത്തിങ്’ എന്ന ഡോക്യുമെന്ററി 2021ലെ കാൻ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുകയും ‘ഗോൾഡൻ ഐ’ പുരസ്‌കാരം ലഭിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ സർവകലാശാല വിദ്യാർത്ഥികളുടെ ജീവിതം അവതരിപ്പിക്കുന്ന ഡോക്യൂമെന്ററിയാണ് ‘എ നൈറ്റ് ഓഫ് നോയിങ് നത്തിങ്’.

‘ഡയറക്‌ടേഴ്‌സ് ഫോർട്ട്നൈറ്റ്’ എന്ന വിഭാഗത്തിലാണ് ഈ ഡോക്യുമെന്ററി പ്രദർശിപ്പിക്കപ്പെട്ടത്. ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പഠിച്ചിറങ്ങിയ പായൽ കപാഡിയയുടെ ആദ്യ സിനിമ ‘വാട്ടർ മിലൺ, ഫിഷ് ആൻഡ് ഹാഫ് ഗോസ്റ്റ്’ പുറത്തിറങ്ങുന്നത് 2014 ലാണ്.

Leave a Reply

Your email address will not be published. Required fields are marked *