കാൻസർ വരുമെന്ന് ആദ്യമേ തോന്നി, എനിക്കന്ന് 32 വയസാണ്; തിരിച്ചറിഞ്ഞതിങ്ങനെ: ​ഗൗതമി

കാൻസറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ നടിയാണ് ​ഗൗതമി. പ്രതിസന്ധി ഘട്ടത്തെ ആത്മധൈര്യം കൊണ്ട് ​നേരിട്ട ​ഗൗതമി ഏവർക്കും പ്രചോദനമാണ്. സ്തനാർബുദമാണ് ​ഗൗതമിയെ ബാധിച്ചിരുന്നത്. ഇപ്പോഴിതാ കാൻസർ സ്ഥിരീകരിച്ച നാളുകൾ ഓർത്തെടുക്കുകയാണ് ​ഗൗതമി. താൻ സ്വയം നടത്തിയ പരിശോധനയിൽ സംശയം തോന്നിയപ്പോഴാണ് ഡോക്ടറെ സമീപിച്ചതെന്ന് ​ഗൗതമി പുതിയ അഭിമുഖത്തിൽ പറയുന്നു. മനുഷ്യനായി ജനിച്ച് ആദ്യ ശ്വാസമെടുക്കുമ്പോൾ തൊട്ട് അടുത്ത ശ്വാസത്തിനായി നമ്മൾ പോരാടുകയാണ്. അവസാന ശ്വാസം വരെയും ഈ പോരാട്ടം ഉണ്ടാകും. ജീവിതത്തിൽ കഠിനമായ പാതകളിലൂടെ പോയി താൻ പഠിച്ച കാര്യമാണിതെന്നും ​ഗൗതമി പറയുന്നു.

കാൻസറിനെ നേരിട്ടപ്പോൾ എന്തുകൊണ്ട് ഇത് സംഭവിച്ചു എന്ന് ഞാൻ സ്വയം ചോദിച്ചു. ദൈവമേ എനിക്ക് എന്തിനാണ് ദുരിതം എന്ന് എല്ലാവരും ചോദിക്കും. ഞാൻ അങ്ങനെയല്ല ചോദിച്ചത്. എന്ത് കാരണത്താലാണ് കാൻസർ എനിക്ക് ബാധിച്ചതെന്നായിരുന്നു എന്റെ ചോദ്യം. അതിൽ നിന്നും ഒരുപാട് പഠിക്കാൻ പറ്റി. ഇരുപത് വർഷത്തോളം മുമ്പാണ് എനിക്ക് കാൻസർ വന്നത്. ഇന്നും ഞാൻ നന്നായിരിക്കുന്നു.

വളരെ നല്ല ഡോക്ടർമാരായിരുന്നു എന്റേത്. അങ്ങനെയാെരു മെഡിക്കൽ ടീം ആയിരുന്നില്ലെങ്കിൽ എന്റെ യാത്ര മറ്റൊരു തരത്തിലായേനെ. പക്ഷെ അവരെ സമീപിക്കാൻ കാരണം ഞാൻ തന്നെയാണ്. ഞാൻ സിം​ഗിൾ പാരന്റാണ്. എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ കുഞ്ഞിന്റെ ​ഗതിയെന്താകുമെന്ന് തോന്നി. ആരോ​ഗ്യം നോക്കണമെന്ന് തീരുമാനിച്ചു. എന്താണെന്നറിയില്ല, ദൈവത്തിന്റെ കൃപ കൊണ്ടായിരിക്കാം. സ്തനാർബുദം അമ്പത് വയസിന് മുകളിലുള്ളവർക്കാണ് കൂടുതലും വരിക. ആ പ്രായത്തിലുള്ളവരാണ് പൊതുവെ പരിശോധന നടത്തുക. എന്നാൽ എനിക്കന്ന് 32 വയസാണ്. മനസിൽ എന്തോ തോന്നി. സ്വയം പരിശോധിക്കാൻ തുടങ്ങി. ആറ് മാസം ഇങ്ങനെ സ്വയം നോക്കി. ഒരു തവണ കട്ടി തോന്നി. ഡോക്ടറെ സമീപിച്ചു. എല്ലാ ടെസ്റ്റും പോസിറ്റീവായിരുന്നു. പ്രതീക്ഷിക്കാതെ സംഭവിച്ചതായിരുന്നെങ്കിൽ തകർന്ന് പോകുനുള്ള സാധ്യതയുണ്ട്. പക്ഷെ കാൻസർ എനിക്കുണ്ടാകാൻ സാധ്യതയുണ്ടെന്ന് മനസിലാക്കി ഞാൻ തന്നെ കണ്ട് പിടിച്ചതിനാൽ അത്ര കുഴപ്പം തോന്നിയില്ലെന്ന് ​ഗൗതമി പറയുന്നു. സംശയം തോന്നാൻ മാത്രം ശരീരത്തിൽ ഒരു മാറ്റവും ഇല്ലായിരുന്നു. കാൻസർ സ്ഥിരീകരിക്കുമ്പോൾ ഭയമില്ലായിരുന്നു.

അന്ന് എന്റെ മകൾക്ക് നാല് വയസാണ്. ഭയം എന്നെയോ മകളെയോ കുടുംബത്തെയോ സഹായിക്കില്ലായിരുന്നു. ഒരു വർഷത്തിനുള്ളിൽ ട്രീറ്റ്മെന്റ് കഴിഞ്ഞു. എല്ലാ ചികിത്സയും കഴിഞ്ഞ് ശരീരം റിക്കവർ ആകാൻ സമയമെടുക്കും. കാരണം ചികിത്സ ഓരോ കോശങ്ങളെയും ആക്രമിക്കും. അത് കുഴപ്പമില്ല. നമ്മൾ ജീവനോടെയില്ലേയെന്നും ​ഗൗതമി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *