മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഇന്നും മുന്നിലാണ് കാവ്യാ മാധവൻ. അഭിനയത്തിൽ നിന്ന് പൂർണമായും നടി ഇപ്പോൾ അകന്നുനിൽക്കുകയാണെങ്കിലും താരം സമ്മാനിച്ച കഥാപാത്രങ്ങളെ ഇന്നും മലയാളികൾക്ക് മറക്കാൻ കഴിയില്ല.
ഒരുകാലത്ത് മലയാളസിനിമയുടെ മുഖമായിരുന്നു കാവ്യ. ഇപ്പോഴിതാ പഴയ ഒരു അഭിമുഖത്തിൽ നടൻ പൃഥ്വിരാജ് കാവ്യയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഏറ്റവും അധികം തരംതാഴ്ത്തപ്പെട്ട നടിയാണ് കാവ്യയെന്നാണ് അന്ന് പൃഥ്വിരാജ് പറഞ്ഞത്.
പൃഥ്വിരാജിന്റെ വാക്കുകൾ
ഏറ്റവും അധികം തരംതാഴ്ത്തപ്പെട്ട നടിയാണ് കാവ്യാ മാധവൻ. കാവ്യയെ മലയാളികൾ കണ്ടിരിക്കുന്നത് അയൽവക്കത്തെ പെൺകുട്ടി, നാടൻ പെൺകുട്ടി എന്നിങ്ങനെയുള്ള നിലയിലാണ്. പക്ഷേ കാവ്യ ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും നല്ല നടിമാരിൽ ഒരാളാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആ കാവ്യയെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ ചുരുക്കം ചില സിനിമകൾക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ.
അതിലൊരു സിനിമ ഞാൻ അഭിനയിച്ചിട്ടുള്ള വാസ്തവം ആണെന്നാണ് എന്റെ നിഗമനം. അതിൽ കാവ്യയുടെ വേഷം, സ്ക്രീൻ ടെെം വളരെ ചെറുതായിരിക്കാം. പക്ഷേ എനിക്ക് കാവ്യമാധവൻ എന്ന അഭിനേത്രിയെ നോക്കുമ്പോൾ അതൊരു ഐ ഓപ്പണിംഗ് പെർഫോമൻസ് ആയിരുന്നു. എന്നാൽ അത്രയും നല്ല ഒരു സീരിയസ് അഭിനേത്രിയായിട്ട് കാവ്യയെ വേണ്ട രീതിയിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.