‘കരുതലിന്റെ ബാലപാഠങ്ങൾ സുരേഷിന് പണ്ടേ വശം’; മോഹൻ ജോസ്

വില്ലൻ വേഷങ്ങളിലൂടെ മലയാളികൾക്ക് മുന്നിൽ എത്തിയ നടനാണ് മോഹൻ ജോസ്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി തുടങ്ങി മലയാളത്തിന്റെ മുൻനിര താരങ്ങളുടെ ഒപ്പം ഒട്ടനവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും അഭിനയ രം​ഗത്ത് സജീവമായി തുടരുന്ന മോഹൻ ജോസ് നടൻ സുരേഷ് ​ഗോപിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്. 

“വർഷങ്ങൾക്കു മുൻപ്  യാത്ര പറഞ്ഞ് ഹോട്ടലിൽ നിന്ന് മടങ്ങാൻ നേരം സുരേഷ്ഗോപി എന്തോ ഓർത്തതുപോലെ എന്നോട് ‘ഒരു മിനിറ്റ്’ എന്നു പറഞ്ഞിട്ട് റിസപ്ഷനിൽ വിളിച്ച് ഒരു ബിഗ്ഷോപ്പർ റൂമിലേക്ക് കൊടുത്തു വിടാൻ ആവശ്യപ്പെട്ടു. റൂംബോയി അതുമായി വന്നപ്പോൾ സുരേഷ് റൂമിലുണ്ടായിരുന്ന ഒരു ചൂരൽക്കൂട നിറയെ മനോഹരമായി പാക് ചെയ്തു വച്ചിരുന്ന ഫ്രൂട്സ് അതേപോലെ എടുത്ത് ആ ബിഗ്ഷോപ്പറിലാക്കിയിട്ട് ഇതു മോൾക്ക് കൊടുക്കണം എന്ന് പറഞ്ഞ് എന്നെയേൽപ്പിച്ചു.

എന്റെ മോൾ പിറന്നപ്പോൾ ആദ്യമായി പത്ത് കുഞ്ഞുടുപ്പുകളുമായി കാണാൻ വന്നതും സുരേഷ്ഗോപിയും രാധികയുമായിരുന്നു. കരുതലിന്റെ ബാലപാഠങ്ങൾ സുരേഷിന് പണ്ടേ വശമായിരുന്നു. ഇനിയും ഏറെ ഉയരങ്ങൾ എത്തിപ്പിടിക്കാനുണ്ട് ആ നല്ല സുഹൃത്തിന്. സർവ്വ നന്മകളും നേരുന്നു!”, എന്നാണ് മോഹൻ ജോസ് കുറിച്ചത്. 

അതേസമയം, കേന്ദ്രമന്ത്രി ആകാനുള്ള തയ്യാറെടുപ്പിലാണ് സുരേഷ് ഗോപി ഇപ്പോള്‍. ഇതിനിടയിലും ഏതാനും സിനിമകളും അദ്ദേഹം കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ പ്രധാനം മമ്മൂട്ടി കമ്പനിയുടെ ബാനറിലുള്ള സിനിമയാണ്. ചിത്രം ഓഗസ്റ്റില്‍ തുടങ്ങുമെന്ന് നേരത്തെ സുരേഷ് ഗോപി അറിയിച്ചിരുന്നു. ഗോകുലം മൂവീസിന്‍റെ ബാനറില്‍ മൂന്ന് ചിത്രങ്ങളും വരാനിരിക്കുന്നുണ്ട്. വരാഹം ആണ് ഷൂട്ടിംഗ് പുരോഗമിക്കുന്ന സുരേഷ് ഗോപി ചിത്രം. 

Leave a Reply

Your email address will not be published. Required fields are marked *