ഓരോ സീനും നോക്കും, ശരിയായില്ലെങ്കിൽ ഒന്നുകൂടി പോകാം എന്ന് പറയും; ഷെയിൻ നി​ഗത്തെക്കുറിച്ച് റിയാസ് നർമകല

മലയാള സിനിമയിലെ യുവ നിരയിൽ ഏറ്റവും കൂടുതൽ വിവാദങ്ങളിൽ അകപ്പെട്ട നടൻമാരിൽ ഒരാളാണ് ഷെയിൻ നി​ഗം. പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ച് മുന്നോട്ട് പോകാൻ ഷെയിൻ നി​ഗത്തിന് കഴിഞ്ഞു. ഇന്നും തനിക്കെതിരെ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് ഷെയിൻ അ‌ടുത്തിടെ പറയുകയുണ്ടായി. വെയിൽ, ആർഡിഎക്സ് എന്നീ സിനിമകളുമായി ബന്ധപ്പെട്ടാണ് ഷെയിൻ വിവാദത്തിലായത്. രണ്ട് സിനിമകളുടെയും പ്രൊഡ്യൂസേർസ് ആയിരുന്നു പരാതി ഉന്നയിച്ചത്. പിന്നീട് ഈ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിച്ചു. ഷെയിൻ നി​ഗത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നടൻ റിയാസ് നർമകല. ഹാൽ എന്ന സിനിമയുടെ സെറ്റിൽ തന്നോട് നല്ല രീതിയിലാണ് ഷെയിൻ പെരുമാറിയതെന്ന് റിയാസ് നർമകല പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

കുറേ ദിവസം ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്. എന്നോട് നല്ല രീതിയിലാണ് പെരുമാറിയത്. ഷെയിൻ ബഹുമാനത്തോടെ പെരുമാറി. ഭൂതകാലത്തിലും ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്. അന്നും ഇക്ക ഇരിക്കെന്ന് പറഞ്ഞ് ഭയങ്കര ബഹുമാനം കാണിച്ചു. പിന്നെ പുള്ളി നായകനാകുന്ന സിനിമയാണ്. ഓരോ സീനും നോക്കും. ശരിയായില്ലെങ്കിൽ ഒന്നുകൂടി പോകാം ഇക്ക എന്ന് പറയും. സംവിധായകരോട് പറയും. സിനിമയ്ക്ക് വേണ്ടി ആത്മാർത്ഥമായി നിൽക്കുന്നവരാണ്. പുതിയ പിള്ളേരല്ലേ കാലഘട്ടത്തിന്റെ മാറ്റങ്ങൾ അവരിൽ ഉണ്ടാകുമെന്നും റിയാസ് നർമകല അഭിപ്രായപ്പെട്ടു. കാരവാനിൽ ഇരിക്കാനിഷ്ടപ്പെടുന്ന യുവ താരങ്ങളുണ്ട്. അതിൽ തെറ്റ് പറയുന്നില്ലെന്നും റിയാസ് നർമകല വ്യക്തമാക്കി. അവർ വളർന്ന് വന്ന സാഹചര്യം അതായിരിക്കാം.

നമുക്ക് അതിനകത്തിരുന്ന് കുറച്ച് കഴിഞ്ഞാൽ അസ്വസ്ഥതയാണ്. അപ്പോൾ പുറത്തിറങ്ങും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ദ്രൻസേട്ടൻ. അദ്ദേഹം വല്ലപ്പോഴുമേ കാരവാൻ ഉപയോ​ഗിക്കൂ. എപ്പോഴും പുറത്തുണ്ടാകും. അധികമാരോടും സംസാരിക്കാതെ കാരവാനിലിരിക്കുന്ന ഒരുപാട് പേരുണ്ട്. മുൻനിര ആർട്ടിസ്റ്റുകളിൽ പലരും അങ്ങനെയാണ്. ചിലപ്പോൾ അവർക്ക് ഡിസ്കഷൻ ഉണ്ടാകും. കഥ പറയാൻ ആളുകൾ വരുമെന്നും റിയാസ് നർമകല ചൂണ്ടിക്കാട്ടി. സിനിമയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് ഷെയിനിന് അറിയാമെന്നു റിയാസ് നർമകല പറയുന്നു. ഷെയിനിന് നല്ല എക്സ്പീരിയൻസായി. ലെൻസിനെക്കുറിച്ചെല്ലാം പറയുന്നത് കേൾക്കാം. ലൊക്കേഷനിൽ താനിക്കാര്യം ശ്രദ്ധിച്ചിരുന്നെന്നും റിയാസ് നർമകല ഓർത്തു.

Leave a Reply

Your email address will not be published. Required fields are marked *