ഓണത്തിന് ‘ഗോൾഡ്’ തീയറ്ററിൽ എത്തില്ല

പൃഥ്വിരാജ്, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ അൽഫോൺസ് പുത്രനൊരുക്കുന്ന ചിത്രം ഓണത്തിന് ഒരാഴ്ചയ്ക്ക് ശേഷമേ തീയറ്ററിൽ എത്തൂ. അൽഫോൺസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ 2ന് ‘ഗോൾഡ്’ തിയേറ്ററിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

‘ഞങ്ങളുടെ ഭാഗത്ത് ജോലി വൈകിയതിനാൽ ”ഗോൾഡ്” ഓണത്തിന് ഒരാഴ്ച കഴിഞ്ഞേ റിലീസ് ചെയ്യൂ. ഈ കാലതാമസത്തിന് ദയവായി ക്ഷമിക്കൂ. ഈ കാലതാമസം ‘ഗോൾഡ്’ റിലീസ് ചെയ്യുമ്പോൾ ഞങ്ങളുടെ സൃഷ്ടിയിലൂടെത്തന്നെ നികത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’ എന്ന് അൽഫോൺസ് ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ചിത്രത്തിന്റെ തമിഴ് വിതരണാവകാശം, കന്നഡ വിതരണാവകാശം, ഓവർസീസ് റൈറ്റ് അടക്കം റെക്കോർഡ് തുകയ്ക്കാണ് വിതരണക്കാർ സ്വന്തമാക്കിയത്.ആഗോള വിപണിയിൽ മലയാള സിനിമയുടെ മാർക്കറ്റ് വാല്യൂ കുത്തനെ ഉയർത്തിയ തരത്തിലാണ് റൈറ്റ്സ് വിൽപ്പന നടന്നതെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. തുക എത്രയെന്ന് അണിയറക്കാർ വ്യക്തമായി പറഞ്ഞിട്ടില്ല.

റിലീസിന് മുൻപ് തന്നെ നിർമ്മാതാവിനെ സേഫ് ആക്കുന്ന കാര്യത്തിൽ പുതിയൊരു ചുവട് വെച്ചിരിക്കുകയാണ് മലയാള സിനിമ എന്ന് വേണം മനസിലാക്കാൻ.തുടർച്ചയായ വിജയങ്ങളിലൂടെ ആഗോള ബോക്സ് ഓഫീസിൽ പൃഥ്വിരാജ് ഉണ്ടാക്കിയ മാർക്കറ്റും, ‘പ്രേമം’ എന്ന സെൻസേഷണൽ ഹിറ്റിനു ഏറെക്കാലങ്ങൾക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന സവിശേഷതയും, നയൻതാരയുടെ സാന്നിധ്യവും കൂടി ചേർന്നപ്പോൾ ഈ ‘സ്വർണ്ണം’ വാങ്ങാൻ ആവശ്യക്കാർ കൂടിയതാണ് ‘ഗോൾഡ്’ സിനിമയുടെ മാർക്കറ്റ് ഉയരാൻ കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *