ഏകലവ്യനിൽ സുരേഷ് ഗോപി വന്നദിവസം ക്യാമറ വീണ് ലെൻസ് പൊട്ടി; മറുപടിയായി പിറന്നത് സൂപ്പർ ഹിറ്റ്: ഷാജി കൈലാസ്

സുരേഷ് ഗോപി-രൺജി പണിക്കർ-ഷാജി കൈലാസ് കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് ഏകലവ്യൻ. ചിത്രത്തിൻറെ ഷൂട്ടിങ് സമയത്തെ ചില സംഭവങ്ങൾ ഓർത്തെടുക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്. സംവിധായകൻറെ വാക്കുകൾ:

‘ ഏകലവ്യൻറെ ലൊക്കേഷനിൽ സുരേഷ് ഗോപി എത്തിയ ആദ്യദിവസം. തിരശീലകളെ തീ പിടിപ്പിച്ച ക്ഷുഭിതയൗവന പകർന്നാട്ടത്തിനായി സുരേഷ് ഗോപി ചായം പൂശുന്നു. എല്ലാം കഴിഞ്ഞ് ആദ്യഷോട്ടിനായി വരുമ്പോഴാണ് ദുഃഖകരമായ സംഭവം നടന്നത്. ക്യാമറ നിലത്ത് വീണു. ലെൻസ് പൊട്ടിച്ചിതറി. സെറ്റ് മൂകമായി. സുരേഷിൻറെ കണ്ണുകളിൽ നിരാശയുടെയും ദുഃഖത്തിൻറെയും അലയൊലി. ഞാൻ സുരേഷിനെ ആശ്വസിപ്പിച്ചു.

സ്റ്റിൽ ഫോട്ടോഗ്രാഫറായ സുനിൽ ഗുരുവായൂരിനെക്കൊണ്ട് മൂന്നു നാല് സ്റ്റില്ലുകൾ എടുപ്പിച്ചു. എന്നിട്ടാണ് സുരേഷ് ഗോപി മേക്കപ്പഴിച്ചത്. ഐശ്വര്യക്കേടിൻറെയും ദുർനിമിത്തത്തിൻറെയും വ്യാഖ്യാനങ്ങൾ കൊണ്ടു വഷളാകുമായിരുന്ന ആ സംഭവം അങ്ങനെ ശാന്തമായി അവസാനിച്ചു.

ഏകലവ്യൻ പൂർത്തിയായി. സുരേഷ് ഗോപി സൂപ്പർതാരമായി. മൂന്ന് തവണയാണ് ഏകലവ്യൻറെ വിജയാഘോഷം നടത്തിയത്. നൂറും നൂറ്റമ്പതും ഇരുന്നൂറ്റമ്പതും ദിനങ്ങൾ പൂർത്തിയായപ്പോൾ സുരേഷ് ഗോപിയോട് ആദ്യ ദിവസം ലൊക്കേഷനിൽ നടന്ന സംഭവും ക്യാമറ വീഴ്ചയും ഞാൻ ഓർമിപ്പിച്ചു. അപ്പോൾ സുരേഷ് ഗോപി ഹൃദ്യമായി ചിരിച്ചു…’

Leave a Reply

Your email address will not be published. Required fields are marked *