എഴുത്ത് പൂര്‍ത്തിയായി ‘ആക്ഷന്‍’ പറയാനൊരുങ്ങി ആര്യന്‍

ബോളിവുഡിന്റെ താരചക്രവര്‍ത്തിയായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ചലച്ചിത്രലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു. എന്നാല്‍, അഭിനയരംഗത്തേക്കല്ല ആര്യന്‍ എത്തുന്നത്. സംവിധായകന്റെ കുപ്പായമണിഞ്ഞാണ് ആര്യന്റെ രംഗപ്രവേശം. ആര്യന്‍ അഭിനയരംഗത്തേക്കു വരുമെന്ന് ആരാധകരും ബോളിവുഡ് ലോകവും പ്രതീക്ഷയോടെ കാത്തിരുന്നിരുന്നു.

വിവാദങ്ങളുടെ കൂടപ്പിറപ്പായ ആര്യന്‍ കഴിഞ്ഞ കുറേ നാളുകളായി പൊതുമധ്യത്തില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയായിരുന്നു. തിരക്കഥ തയാറാക്കുന്ന തിരക്കുകളിലായിരുന്നു ആര്യന്‍. ഇപ്പോള്‍, തിരക്കഥ പൂര്‍ത്തിയായെന്നും അവസാന മിനുക്കുപണികള്‍ വരെ കഴിഞ്ഞുവെന്നും അറിയിച്ചിരിക്കുകയാണ് ആര്യന്‍. തന്റെ ഇന്‍സ്റ്റഗ്രം അക്കൗണ്ടിലൂടെയാണ് ഇക്കാര്യം ആര്യന്‍ അറിയിച്ചത്. ഫോട്ടോയും ആര്യന്‍ പങ്കുവച്ചിട്ടുണ്ട്.

എഴുത്ത് പൂര്‍ത്തിയായിരിക്കുന്നു. ഇനി ആക്ഷന്‍ പറയാനുള്ള കാത്തിരിപ്പ്’ എന്ന ക്യാപ്ഷനാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിനായി ഒരുങ്ങുന്ന വെബ് സീരീസിന്റെ തിരക്കഥയാണ് ആര്യന്‍ പൂര്‍ത്തിയാക്കിയത്. സോഷ്യല്‍ മീഡിയിയല്‍ ഫോട്ടോ പങ്കുവച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ താരപുത്രന്റെ പോസ്റ്റ് വൈറലാകുകയും ചെയ്തു.

ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് വെബ് സീരീസ് ഒരുങ്ങുന്നത്. ‘ഇനി കാത്തിരിക്കാന്‍ വയ്യ’ എന്ന് ആര്യന്റെ അമ്മ ഗൗരിയും കമന്റ് ചെയ്തിട്ടുണ്ട്. ‘സ്വപ്നങ്ങള്‍ സഫലമാകട്ടെ, എന്റെ പ്രാര്‍ത്ഥനകള്‍ നിനക്ക് ഒപ്പമുണ്ട്’ എന്നാണ് ഷാരൂഖ് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *