മലയാള സിനിമയുടെ ചോക്ളേറ്റ് ബോയ് ആയി വന്ന് മികച്ച കഥാപാത്രങ്ങളിലൂടെ ഞെട്ടിക്കുന്ന സൂപ്പർ താരമായ വ്യക്തിയാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോഴിതാ കഥാപാത്രങ്ങളായുള്ള രൂപാന്തരത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
‘സിനിമയ്ക്കുവേണ്ടി എത്രവേണമെങ്കിലും അധ്വാനിക്കാൻ ഇപ്പോഴും തയ്യാറാണ്. കഥാപാത്രങ്ങൾക്കനുസരിച്ച് രൂപവും ശൈലിയും മാറ്റാൻ ശ്രമിക്കാറുണ്ട്. അഭിനയിക്കുന്നവരുമായി സിങ്കാവാൻ കഴിയാറുണ്ട്. ഇടയ്ക്ക് കഷണ്ടി ഐഡന്റിറ്റിയാക്കാനും സ്റ്റൈലാക്കി മാറ്റാനും ശ്രമിച്ചെങ്കിലും അത് മറ്റൊരു നടൻ ചെയ്തുകളഞ്ഞു. സിനിമയിൽ ഒരു സ്റ്റീരിയോടൈപ്പ് ഐഡന്റിറ്റി ഇല്ലാത്തതിന് കാരണം ഞാൻ വെള്ളം പോലെ ആയതുകൊണ്ടാണ്. ചായക്കൊപ്പവും ജ്യൂസിനൊപ്പവും മദ്യത്തിനുമൊപ്പവും എന്നെ ഉപയോഗിക്കാം. എന്നെ ഇതുവരെ മിമിക്രക്കാർ ആരും അനുകരിച്ച് കണ്ടിട്ടില്ല. അതിന് ഒരു കാരണം എന്നിലെ ഒരംശവും ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിൽ വരാത്തതാവും. വഴിയിൽവച്ച് എന്നെ കണ്ടപ്പോൾ ഒരാൾ അതാ ജയസൂര്യ എന്ന് പറയുന്നത് കേട്ടിട്ടുണ്ട്’- കുഞ്ചാക്കോ ബോബൻ പറഞ്ഞു.
ഏറ്റവും പുതിയ ചിത്രമായ ഓഫീസർ ഓൺ ഡ്യൂട്ടിയുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. കുഞ്ചാക്കോ ബോബൻ, പ്രിയാമണി, ജഗദീഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജീത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടി. ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ഷാഹി കബീറാണ് ചിത്രത്തിന്റെ രചന. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് നിർമ്മാണം.