ലൂസിഫറിന്റെ രണ്ടാംഭാഗമായ എംപുരാനിലും നെടുമ്പള്ളി അച്ചൻ എന്ന കഥാപാത്രമായി ഫാസില്‍ എത്തുന്നുണ്ട്. അദ്ദേഹത്തിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന കാരക്ടര്‍ റിവീല്‍ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.
എംപുരാനില്‍ റോള്‍ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ അത് ചെയ്യാതിരിക്കാന്‍ പറ്റുമായിരുന്നില്ല. കാരണം ലൂസിഫറില്‍ തന്നെ പൃഥ്വിരാജ് എന്ന സംവിധായക പ്രതിഭയെ കുറിച്ച് ഞാന്‍ മനസിലാക്കിയിരുന്നു. പൃഥ്വിരാജ് എന്ത് ആവശ്യപ്പെടുന്നുവോ അത് നേടിയിരിക്കും. 40 ഓളം കഥാപാത്രങ്ങളുള്ള പടമാണ്. ഒരു പ്രത്യേക കഥാപാത്രം ഞാന്‍ ചെയ്യണമെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതിന് വേണ്ടി പൃഥ്വിരാജ് ഏതറ്റംവരെയും പോവും. ഫാസില്‍ പറഞ്ഞു.
പൃഥ്വിരാജ് മിടുക്കനായ കാസ്റ്റിങ് ഡയറക്ടറാണെന്നും അഭിനയത്തെ കുറിച്ച് വളരെ ആഴത്തില്‍ അറിവുള്ളയാളാണെന്നും ഫാസില്‍ പറയുന്നു. എംപുരാന്റെ ഡബ്ബിങ്ങിനായി എത്തിയപ്പോള്‍ ഫാദര്‍ നെടുമ്പള്ളിയായി തന്നെ തിരഞ്ഞെടുത്തതില്‍ പൃഥ്വിരാജിനോട് നന്ദി പറയണമെന്ന് തോന്നിയെന്നും സിനിമ പ്രേക്ഷകര്‍ക്ക് വേണ്ടിയുള്ളതാണ് എന്ന് വിശ്വസിക്കുന്ന ഒരു സംവിധായകനാണ് പൃഥ്വിരാജ് എന്നും ഫാസില്‍ പറഞ്ഞു.