എനിക്കു ജാഡയില്ല- അനിഖ സുരേന്ദ്രന്‍

ബാലതാരമായെത്തി പിന്നീട് നായിക നടിയായി മാറിയ താരമാണ് അനിഖ സുരേന്ദ്രന്‍. വളരെ ചെറുപ്പത്തില്‍ സിനിമയിലെത്തിയ അനിഖ മലയാളത്തിലും തെലുങ്കിലുമെല്ലാം മിന്നും താരമാണ്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഛോട്ടാ മുംബൈയിലൂടെയാണ് അനിഖ ആദ്യമായി സിനിമയിലേക്ക് എത്തുന്നത്. ഒരു ചെറിയ സീനില്‍ മാത്രമാണ് അനിഖ വന്നു പോയത്. പിന്നീട് അഭിനയിച്ച കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് അനിഖ ശ്രദ്ധനേടുന്നത്.

അതിനു ശേഷം തമിഴില്‍ നിന്നടക്കം അവസരങ്ങള്‍ അനിഖയെ തേടിയെത്തി. അജിത് നായകനായ യെന്നെ അറിന്താല്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു തമിഴിലെ അരങ്ങേറ്റം. ചിത്രം സൂപ്പര്‍ ഹിറ്റായതോടെ അനിഖയും താരമായി മാറി. ഒരുപിടി സിനിമകളില്‍ നയന്‍താരയുടെ മകളായും നയന്‍താരയുടെ കുട്ടിക്കാലം അവതരിപ്പിച്ചും അനിഖ എത്തിയിട്ടുണ്ട്. നയന്‍താരയുമായുള്ള മുഖ സാദൃശ്യമാണ് അനിഖയെ തമിഴ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത്. ജൂനിയര്‍ നയന്‍താര എന്നുള്‍പ്പടെയുള്ള പേരുകളിലും അനിഖ അറിയപ്പെടാറുണ്ട്.

അതേസമയം നയന്‍താരയെ അനുകരിക്കാന്‍ ശ്രമിക്കുന്നു എന്ന വിമര്‍ശനവും പലപ്പോഴും അനിഖയ്ക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അടുത്തിടെ താരം നല്‍കിയ അഭിമുഖങ്ങള്‍ക്ക് താഴെ ഇത്തരം കമന്റുകള്‍ വന്നിരുന്നു. സംസാരത്തിലും മാനറിസങ്ങളിലുമൊക്കെ നയന്‍താരയെ പകര്‍ത്താന്‍ ശ്രമിക്കുന്നു എന്നായിരുന്നു ആരോപണം. ഇപ്പോഴിതാ ആ വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് അനിഖ സുരേന്ദ്രന്‍.

ഏതു രീതിയിലാണു നയന്‍താരയെ അനുകരിക്കുന്നതെന്ന് എനിക്കു മനസിലായിട്ടേയില്ല. കാഴ്ചയില്‍ അല്‍പം സാമ്യം ഉണ്ട് എന്ന് ചിലര്‍ പറയാറുണ്ട്. ബേസ് വോയ്‌സില്‍ സംസാരിക്കുന്നതിനാലാണിതു പറയുന്നതെങ്കില്‍ എന്റെ ശബ്ദം ഇങ്ങനെയാണ്. ഈ ശബ്ദത്തിലല്ലേ എനിക്കു സംസാരിക്കാന്‍ കഴിയൂ. സംസാരിക്കുമ്പോള്‍ ഇംഗ്ലീഷ് വാക്കുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നു എന്നാണു മറ്റൊരു വിമര്‍ശനം. ആറാം ക്ലാസ് വരെ ഞാന്‍ എറണാകുളത്ത് ചോയ്‌സ് സ്‌കൂളിലാണ് പഠിച്ചത്. സ്‌കൂളില്‍ ഇംഗ്ലിഷ് മാത്രമാണു സംസാരിച്ചിരുന്നത്. തമിഴിലും തെലുങ്കിലും അഭിനയിക്കാന്‍ പോകുമ്പോഴും കൂട്ടുകാരോടും ഇംഗ്ലീഷിലാണു കൂടുതല്‍ സമയവും സംസാരിക്കുന്നത്. അതുകൊണ്ടു മലയാളം സംസാരിക്കുമ്പോഴും ഇടയ്ക്ക് ഇംഗ്ലീഷ് കലര്‍ന്നു വരും. അല്ലാതെ ജാഡ കാണിക്കാനല്ലെന്നും അനിഖ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *